മൂന്ന് സൈനികർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ
ശ്രീനഗർ: വെടിനിറുത്തൽ കരാർ ലംഘിച്ച് കാശ്മീർ അതിർത്തിയിലെ ജനവാസ മേഖലകളിൽ പാകിസ്ഥാൻ തിങ്കളാഴ്ച നടത്തിയ ഷെല്ലാക്രമണത്തിന് ഇന്നലെ ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി. അതിർത്തിയിലെ ഏഴ് പാക് സൈനിക പോസ്റ്റുകൾ ഇന്ത്യൻ സൈന്യം തകർത്തു. ഇന്ത്യൻ ആക്രമണത്തിൽ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി പാക് ഇന്റർ സർവീസ് പബ്ളിക് റിലേഷൻസ് വ്യക്തമാക്കി.
പൂഞ്ച്, രജൗരി അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമാക്കി പാക് സൈന്യം ഷെല്ലാക്രമണം നടത്തിയതിനെ തുടർന്നാണ് ഇന്ത്യ തിരിച്ചടി നൽകിയത്. പാക് അധീന കാശ്മീരിൽ ഉൾപ്പെട്ട രാഖ്ചിക്രി, റാവൽക്കോട്ട് എന്നിവിടങ്ങളിലെ സൈനിക പോസ്റ്റുകളാണ് ഇന്ത്യൻ തിരിച്ചടിയിൽ തകർന്നത്. നിരവധി പാക് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം പാകിസ്ഥാൻ പൂഞ്ചിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ബി.എസ്.എഫ് ജവാൻ വീരമൃത്യു വരിച്ചിരുന്നു. ആറു വയസുള്ള പെൺകുട്ടി കൊല്ലപ്പെടുകയും ചെയ്തു.
പാക് ഷെല്ലാക്രമണത്തെത്തുടർന്ന് പൂഞ്ചിലെയും രജൗരിയിലെയും സ്കൂളുകൾ സൈന്യത്തിന്റെ നിർദ്ദേശപ്രകാരം അടച്ചിട്ടിരിക്കുകയാണ്. പാക് സൈന്യം അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ വെടിയുതിർക്കുന്നത് പതിവായിട്ടുണ്ട്.