election-2019

ഹൈദരാബാദ് : രാജ്യത്തെ പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ മറ്റാരോ ആണെന്ന മട്ടിലാണ് കോൺഗ്രസും ബി.ജെ.പിയും സംസാരിക്കുന്നതെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഇത്രയും കാലം രാജ്യം ഭരിച്ചത് ഇവർ രണ്ടുമാണ്. ഇടയ്‌ക്ക് മറ്റു ചിലരും ഭരണത്തിലെത്തിയെങ്കിലും അവരെയൊന്നും ദീർഘകാലം വാഴിക്കാൻ കോൺഗ്രസും ബി.ജെ.പിയും അനുവദിച്ചിട്ടില്ല- കെ.സി.ആർ പറഞ്ഞു.

രാജ്യം ഭരിക്കുന്നത് മറ്റോരോ ആണെന്ന പോലെ കോൺഗ്രസും ബി.ജെ.പിയും വാക്കുകൾ കൊണ്ട് കസർത്തു നടത്തുന്നു. നമ്മളാകട്ടെ കോമാളികളെപ്പോലെ പിന്നെയും ഇവ‌ർക്കുതന്നെ വോട്ട് ചെയ്യുകയും! രാജ്യത്തിനു വേണ്ടി സംസാരിച്ചതിന്റെ പേരിൽ എതിരാളികൾ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് കെ.സി.ആർ പറഞ്ഞു. ജനങ്ങളുടെ പിന്തുണയോടെ തെലുങ്കാന യാഥാർത്ഥ്യമായി. താനും അതിനൊരു കാരണമായി. ഇത്തരം മാറ്റങ്ങൾ രാജ്യത്തും വരേണ്ടതുണ്ട്. നമുക്ക് ആവശ്യത്തിന് സമ്പത്തും വിഭവങ്ങളുമുണ്ട്. പക്ഷേ, അത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും കെ.സി.ആർ കുറ്റപ്പെടുത്തി.