ന്യൂഡൽഹി: ഇ.പി.എഫ് പെൻഷൻ കേസിലെ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി പൂർണമായും ശരിവച്ചതോടെ പെൻഷനിൽ വൻ വർദ്ധന വരും.നാലര കോടിയിലേറെ ഇ.പി.എഫ് വരിക്കാർക്ക് ആശ്വാസമേകുന്നതാണ് സുപ്രീംകോടതി വിധി.ഉത്തരവിന് ശേഷം ഇ. പി. എഫ് പെൻഷനിൽമൂന്നിരട്ടി മുതൽ അഞ്ചിരട്ടി വരെ വർദ്ധനവ് ഉണ്ടാകാം.
പൂർണ പെൻഷൻ (ഒടുവിൽ വാങ്ങിയ ശമ്പളത്തിന്റെ പകുതി ) ലഭിക്കാൻ 1995മുതൽ 35 വർഷത്തെ സർവീസ് വേണം. 20 വർഷം സർവീസ് പൂർത്തിയാക്കിയവർക്ക് 2 വർഷം വെയ്റ്റേജ് ലഭിക്കും. അതും ചേർക്കുമ്പോൾ 33 വർഷം പൂർത്തിയാക്കിയവർക്ക് പൂർണ പെൻഷൻ കിട്ടും.
ഇ. പി. എഫ് പെൻഷൻ ആരംഭിച്ചത് 1995 നവംബറിലാണ്. 33 വർഷം പൂർത്തിയായി പൂർണ പെൻഷൻ ലഭിക്കാൻ 2028 ആകണം.
പെൻഷൻ കണക്കാക്കാൻ സേവന കാലാവധിയെ 70 കൊണ്ടു ഹരിച്ച ശേഷം ശരാശരി ശമ്പളം കൊണ്ടു ഗുണിക്കണം.
വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 12 മാസത്തെ ശമ്പളത്തിന്റ ശരാശരിയാണ് പെൻഷന് കണക്കാക്കുന്നത്. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ഗ്രേഡ്പേ / വേരിയബിൾ പേ ഉണ്ടെങ്കിൽ അതും ചേർന്നതാണ് പെൻഷനു കണക്കാക്കുന്ന ശമ്പളം.
ഉയർന്ന പെൻഷൻ ലഭിക്കേണ്ടവർ യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായ വിഹിതം പെൻഷൻ ഫണ്ടിലേക്ക് അടയ്‌ക്കണം.
ഉയർന്ന പെൻഷൻ നൽകാൻ, സർവീസിലുള്ളവരിൽ നിന്ന് ഫണ്ടിലേക്ക് ലഭിക്കാനുള്ള ബാക്കി തുക പലിശ സഹിതം പി.എഫ് അക്കൗണ്ടിൽ നിന്ന് കുറവ് ചെയ്യും.
വിരമിച്ചവർ പി.എഫ് തുക പിൻവലിച്ചതിനാൽ ഈ തുക കൈയിൽ നിന്ന് അടയ്ക്കണം.
പി.എഫ് പെൻഷൻ: വ്യത്യാസം ഇങ്ങനെ
നിലവിലെ പെൻഷനും പുതിയ ഉത്തരവു പ്രകാരം ലഭിക്കേണ്ട പെൻഷനും തമ്മിലുള്ള വ്യത്യാസം
ഒന്ന്
പെൻഷൻ പദ്ധതി തുടങ്ങിയ 1995 നവംബറിൽ സർവീസിലുള്ളയാൾ
2013 ഡിസംബറിൽ വിരമിച്ചപ്പോൾ ശരാശരി ശമ്പളം 30,000 എന്ന് കരുതുക.
സേവന കാലാവധി 18 വർഷം.
പഴയ നിരക്കിൽ പെൻഷന്
കണക്കാക്കിയിരുന്ന ശമ്പളം: 6500 രൂപ
പെൻഷൻ: 1,671 രൂപ
(18 / 70 x 6500)
പുതിയ നിരക്ക്
യഥാർത്ഥ ശമ്പളം: 30,000 രൂപ
പെൻഷൻ:7,714രൂപ (18/70 x 30,000)
വർദ്ധന 4.61 മടങ്ങ്
രണ്ട്
1995 നവംബർ മുതൽ സർവീസിലുള്ളയാൾ 2019 ഡിസംബറിൽ വിരമിച്ചാൽ 24 വർഷത്തെ സേവന കാലാവധിക്കു പുറമേ 2 വർഷം വെയ്റ്റേജും കിട്ടുമ്പോൾ 26 വർഷമാകും.
ശരാശരി ശമ്പളം 30,000 രൂപയെങ്കിൽ-
പഴയ നിരക്കിൽ പെൻഷന്
കണക്കാക്കിയിരുന്ന ശമ്പളം: 1.9.2014 വരെ 6500 രൂപ, പിന്നീടിങ്ങോട്ട് 15,000 രൂപ
പെൻഷൻ: 2,956രൂപ (രണ്ടും പ്രത്യേകം കണക്കാക്കി കൂട്ടണം)
പുതിയ നിരക്ക്
യഥാർത്ഥ ശമ്പളം: 30,000 രൂപ
പെൻഷൻ: 11,142രൂപ (26 / 70 x30,000)