കൊല്ലം: സ്ത്രീധനത്തുക നൽകാത്തതിന്റെ പേരിൽ തുഷാരയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ ഭർത്താവ് ചന്തുലാലും ഭർത്തൃമാതാവ് ഗീതാലാലും കുറ്റം സമ്മതിച്ചതായി പൊലീസ്. താൻ ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ചന്തുലാൽ സമ്മതിച്ചിട്ടുണ്ട്. രണ്ടുലക്ഷം രൂപ സ്ത്രീധനത്തുക നൽകാമെന്ന് വാക്കുറപ്പിച്ചിരുന്നതായി ഗീതാലാലും പറയുന്നു. ഇവരെ ഇപ്പോഴും അന്വേഷണ സംഘം ചോദ്യം ചെയ്‌ത് വരികയാണ്.
അതേസമയം, കേസിൽ പ്രതിയാക്കുമെന്ന വിവരത്തെ തുടർന്ന് ഭർതൃ സഹോദരിയും ഭർത്താവും മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. നിലവിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ യുവതിയുടെ ബന്ധുക്കൾ രേഖാമൂലം നൽകിയ പരാതിയിൽ അന്വേഷണം നടത്താനിരിക്കെയാണ് മുൻകൂർ ജാമ്യഹർജി നൽകിയത്. മരിച്ച തുഷാരയെ നേരത്തേ മുതൽ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവം ഭർത്താവിന്റെ സഹോദരിക്കും ഇവരുടെ ഭർത്താവിനും നേരിട്ട് അറിയാവുന്നതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി ചേർക്കണമോയെന്ന കാര്യം അന്വേഷണ സംഘം വിലയിരുത്തി വരികയായിരുന്നു.
മാർച്ച് 21നാണ് കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെ മകൾ തുഷാര (27) മരിച്ചത്. സംഭവത്തിൽ ഭർത്താവ് ഓയൂർ ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ ചന്തുലാൽ (30), ഭർത്തൃമാതാവ് ഗീതാലാൽ (55) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയുന്ന ഇരുവരെയും കൂടുതൽ അന്വേഷത്തിനായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇന്ന് കസ്റ്റഡി അപേക്ഷ പരിഗണിക്കും. തുഷാരയുടെ ബന്ധുക്കളും ചെങ്കുളത്തെ സമീപ വാസികളും ജനപ്രതിനിധികളും അടക്കം നൂറിലധികം ആളുകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ പറഞ്ഞിട്ടുള്ളതുമായി താരതമ്യം ചെയ്തുള്ള ചോദ്യം ചെയ്യലിനാകും കൂടുതൽ പ്രാധാന്യം നൽകുക.
സാധാരണ കൊലപാതക കേസുകളിൽ നിന്ന് വ്യത്യസ്തമാണ് ഈ കേസെന്നും ശാസ്ത്രീയ തെളിവെടുപ്പുകൾ വേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. തുഷാരയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ പട്ടിണിക്കിട്ടതാണെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതോടെ പ്രതികൾക്കെതിരെ 302ാം വകുപ്പ് (കൊലക്കുറ്റം) ചുമത്തി. സ്ത്രീധന പീഡന മരണം, അന്യായമായി തടങ്കലിൽ പാർപ്പിക്കൽ എന്നീവയ്ക്കായി 304 ബി, 344 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. 26ന് കൊട്ടാരക്കരയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കാനാണ് മനുഷ്യാവകാശ കമ്മിഷന്റെ തീരുമാനം.
ദുർമന്ത്രവാദവും അന്വേഷിക്കും
ചന്തുലാലിന്റെ വീട്ടിൽ വർഷങ്ങളായി നടന്നുവരുന്ന ദുർമന്ത്രവാദത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. നേരത്തെ കൊല്ലത്ത് താമസിച്ചിരുന്നപ്പോഴും ഇത്തരം ക്രിയകൾ ചന്തുവിന്റെ വീട്ടിൽ നടത്തിയിരുന്നു. ഗീതാലാലും ചന്തുവും തന്നെയാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്. പിന്നീട് ചെങ്കുളത്തെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റിയപ്പോൾ ആഭിചാര ക്രിയകൾക്ക് പ്രത്യേക സംവിധാനമുണ്ടാക്കി. വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഇവരുടെ അടുത്ത് മന്ത്രവാദത്തിനായി വന്നിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.