തിരുവനന്തപുരം: ദീർഘദൂര സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ മൂന്ന് സ്കാനിയ വാടക ബസുകൾ നികുതി അടയ്ക്കാത്തതിന്റെ പേരിൽ ആർ.ടി.ഒ പിടിച്ചെടുത്തു. ബാംഗ്ലൂർ, മൂംകാംബിക റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസുകളാണ് തിരുവനന്തപുരം ആർ.ടി.ഒ പിടിച്ചെടുത്തത്. കഴിഞ്ഞ സെപ്റ്റംബർ 30വരെയുള്ള നികുതി മാത്രമാണ് അടച്ചിട്ടുള്ളത്. നിലവിൽ ബസുകൾ അട്ടക്കുളങ്ങരയിലുള്ള ഡിപ്പോയിൽ തന്നെ കിടക്കുകയാണ്.
നികുതി അടച്ച ശേഷം മാത്രമേ ബസുകൾ സർവ്വീസ് നടത്തുവെന്ന് കെ.എസ്.ആർ.ടി.സി, മോട്ടോർവാഹന വകുപ്പിനെ അറിയിച്ചു. അതേസമയം, നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി 2000 ലേറെ സർവ്വീസുകൾ കഴിഞ്ഞ ഒരാഴ്ചക്കിടെ കെ.എസ്.ആർ.ടി.സി വെട്ടിക്കുറച്ചിരുന്നു. ഗ്രാമീണ മേഖലകളിൽ സർവ്വീസ് നടത്തുന്ന സി.ഡി പൂളുകളുടെ ഷെഡ്യൂളുകളാണ് റദ്ദാക്കിയത്.
മുൻ സി.എം.ഡി ടോമിൻ തച്ചങ്കരി 700 ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് പുതിയ സിഎംഡി കൂടുതൽ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചിരിക്കുന്നത്. 1500ലേറെ സർവ്വീസുകൾ വെട്ടിചുരുക്കിയതോടെ ശരാശരി 3500ഷെഡ്യൂളുകളാണ് ഒരു ദിവസം കെഎസ്ആർടിസി നടത്തുന്നത്. എന്നാൽ സാമ്പത്തിക ഞെരുക്കം കാരണമാണ് സർവീസുകൾ വെട്ടിചുരുക്കേണ്ടി വരുന്നതെന്നാണ് കെഎസ്ആർടിസി അധികൃതരുടെ ന്യായം.