army

ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനകൾക്കായി വിമാനങ്ങളുടെ നിർമ്മാണവും അറ്റകുറ്റപ്പണിയും നടത്തുന്ന പ്രതിരോധ മേഖലയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ) കഴിഞ്ഞ സാമ്പത്തിക വർഷം കുറിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം. ആറു ശതമാനം വർദ്ധനയോടെ 19,400 കോടി രൂപയുടെ വരുമാനമാണ് 2018-19ൽ കമ്പനി നേടിയത്. 2017-18ൽ വരുമാനം 18,​284 കോടി രൂപയായിരുന്നു. 2017-18ൽ കുറിച്ച 3.8 ശതമാനം വളർച്ചാനിരക്കിനേക്കാൾ മികച്ച പ്രകടനം നടത്താനും കഴിഞ്ഞവർഷം എച്ച്.എ.എല്ലിന് കഴിഞ്ഞു.

അതേസമയം,​ ജീവനക്കാർക്ക് ശമ്പളം നൽകാൻ ഏറെക്കാലമായി നട്ടംതിരിയുന്ന സ്ഥിതിയിൽ നിന്ന് എച്ച്.എ.എൽ ഇനിയും മുക്തമായിട്ടില്ല. 29,​000ഓളം വരുന്ന ജീവനക്കാർക്ക് ശമ്പളം നൽകാനായി 781 കോടി രൂപ ബാങ്ക് വായ്‌പയെടുത്ത് കഴിഞ്ഞ ജനുവരിയിൽ എച്ച്.എ.എൽ വാർത്തകളിൽ ഇടംപിടിച്ചത് കേന്ദ്രസർക്കാരിനും ക്ഷീണമായിരുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനും മറ്ര് ദൈനംദിന ചെലവുകൾക്കുമായി ഇപ്പോഴും പ്രതിമാസം 1,​300-1,​400 കോടി രൂപ എച്ച്.എ.എല്ലിന് വേണം.

വ്യോമസേനയിൽ നിന്നുൾപ്പെടെ കിട്ടാനുള്ള വൻതുക കുടിശികയായി തുടരുന്നതാണ് എച്ച്.എ.എല്ലിനെ വലയ്‌ക്കുന്നത്. വിമാനങ്ങൾ നിർമ്മിച്ചതും അറ്റകുറ്റപ്പണി നടത്തിയതുമായ വകയിൽ വ്യോമസേന കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച് 15,​700 കോടി രൂപ നൽകാനുണ്ടായിരുന്നത്,​ മാർച്ച് 31ഓടെ 20,​000 കോടി രൂപയായിട്ടുണ്ട്. പരമ്പരാഗതമായി,​ മികച്ച പ്രകടനം നടത്തുന്ന എച്ച്.എ.എൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേന്ദ്രസർക്കാരിന് 11,​024 കോടി രൂപ കൈമാറിയിരുന്നു. ഇതിൽ 4,​631 കോടി രൂപ ലാഭവിഹിതവും നികുതിയും ചേർന്നതാണ്. ബാക്കി 6,​393 കോടി രൂപ​ ഓഹരി തിരിച്ചുവാങ്ങൽ (ബൈബാക്ക്)​ സ്‌കീം പ്രകാരവും നൽകി.