കൽപ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അപ്രതീക്ഷിത എതിരാളിയായി സരിത എസ്. നായരും മത്സരത്തിന്. എറണാകുളത്തും സരിത മത്സരിക്കുന്നതിനൊപ്പമാണ് വയനാട്ടിലും സ്ഥാനാർത്ഥിയാകുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ ഭാഗമായി സരിത തന്റെ പേരിലുള്ള കേസുകളുടെ വിവരങ്ങൾ അറിയിച്ച് പത്ര പരസ്യം നൽകി. സംസ്ഥാനത്തിനകത്തും പുറത്തുമായി ഇരുപത്തിയെട്ട് കേസുകൾ തന്റെ പേരിലുണ്ടെന്ന് കാണിച്ചാണ് പത്രപരസ്യം. 'ഞാൻ സരിത എസ് നായർ, ഇന്ദീവരം, നാലാംകല്ല്, വിളവൂർക്കൽ പി.ഒ,മലയിൻകീഴ്, തിരുവനന്തപുരം ജില്ല. കേരളത്തിലെ എറണാകുളം, വയനാട് ലോക്‌സഭാ മണ്ഡലങ്ങളിൽ മത്സരിക്കുവാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നു .എനിക്കെതിരെ ഇരുപത്തിയെട്ട് കേസുകൾ നിലവിലുണ്ട്' എന്നാണ് പത്ര പരസ്യം നൽകിയിരിക്കുന്നത്.
കോൺഗ്രസ് പാർട്ടിയിലെ പന്ത്രണ്ടോളം നേതാക്കൾക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ ഒരു വർഷത്തോളമായി മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ട്. എന്നാൽ ഒരിക്കൽ പോലും തനിക്ക് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാൻ മത്സരിക്കുന്ന ആൾ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത എസ്.നായർ എറണാകുളത്ത് പത്രിക വാങ്ങാനെത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരോട് ചോദിച്ചിരുന്നു.
ഡോ: കെ.പത്മരാജനും വയനാട്ടിൽ
ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ മത്സരിച്ച് തോറ്റതിന് 2004ൽ ലിംക ബുക്ക് ഒാഫ് റെക്കാഡിൽ ഇടം നേടിയ തമിഴ്നാട് സേലം സ്വദേശിയായ ഡോ: കെ.പത്മരാജൻ ഇന്നലെ വയനാട്ടിലും നോമിനേഷൻ നൽകി. വയനാട്ടിൽ മത്സരിക്കുന്നതോടെ ഇത് 201ാമത്തെ തിരഞ്ഞെടുപ്പ് പാേരാട്ടമാണ് ഇദ്ദേഹത്തിന്റേത്. കഴിഞ്ഞ തവണ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്. നരസിംഹ റാവു, വാജ്പേയി, കെ. ആർ. നാരായണൻ, കരുണാനിധി, രാജശേഖര റെഡ്ഡി, എ.കെ. ആന്റണി, എ.പി.ജെ. അബ്ദുൾ കലാം, പ്രതിഭാ പാട്ടിൽ, മൻമോഹൻസിംഗ് തുടങ്ങിയവർക്കെല്ലാം എതിരായി മത്സരിച്ചിട്ടുണ്ട് ഇൗ അറുപതുകാരൻ. 1988ൽ തമിഴ്നാട്ടിലെ മേട്ടൂർ അസംബ്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പിലായിരുന്നു കന്നി അങ്കം. ഇതിനകം മുപ്പത് ലക്ഷത്തോളം രൂപ മത്സരം വഴി പത്മരാജന് ചെലവായിട്ടുണ്ട്.