കൽപ്പറ്റ: തങ്ങൾ അധികാരത്തിലെത്തിയാലേ രാമക്ഷേത്രം നിർമിക്കാൻ കഴിയൂവെന്നും ഗോവധം നിരോധിച്ചത് തങ്ങളാണെന്നും അവകാശപ്പെട്ട് ഉത്തരേന്ത്യയിൽ വോട്ട് ചോദിക്കുന്ന കോൺഗ്രസിനോട് യോജിക്കുന്നുണ്ടോയെന്ന് മുസ്ലിംലീഗ് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. വയനാട്ടിൽ ലീഗിനെ ആശ്രയിക്കുന്ന രാഹുൽ ആറര ലക്ഷം മുസ്ലിം വോട്ടർമാരുള്ള അമേതിയിലെ പ്രചാരണത്തിന് ലീഗ് നേതാക്കളെ പങ്കെടുപ്പിക്കുമോയെന്നും കൽപ്പറ്റയിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം ആരാഞ്ഞു.
മുസ്ലിംലീഗിനെ ചത്ത കുതിര എന്നാണ് നെഹ്‌റു വിശേഷിപ്പിച്ചത്. ആ ചത്ത കുതിരയുടെ പുറത്ത് സവാരി ചെയ്യാനാണ് പേരക്കുട്ടി വയനാടൻ ചുരം കയറുന്നത്. ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, കോൺഗ്രസ് മുന്നണിയുടെ സ്ഥാനാർത്ഥിയാണ് രാഹുൽ. തിരഞ്ഞെടുപ്പിൽ ലീഗിനെ ആശ്രയിക്കേണ്ട ഗതികേടിൽ കോൺഗ്രസ് അദ്ധ്യക്ഷൻ എത്തി. യു.പിയിൽ ലീഗുമായി മുന്നണിയുണ്ടാക്കാൻ തയ്യാറാകുമോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം. അതൊന്നുമില്ലാതെ ഇവിടെ മതന്യൂനപക്ഷങ്ങളെ കബളിപ്പിക്കാനാണ് ന്യൂനപക്ഷ രക്ഷ പറഞ്ഞ് രംഗത്തിറങ്ങിയത്.
ബി.ജെ.പി ഇന്ത്യ ഭരിക്കുമ്പോൾ കോൺഗ്രസ് സമീപനം ന്യൂനപക്ഷങ്ങൾക്ക് സഹായകരമാണോ എന്ന് മുസ്ലിംലീഗും വ്യക്തമാക്കണം. മുത്തലാഖ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് എന്ത് കൊണ്ട് എതിർത്തില്ലെന്നതിനും ലീഗ് മറുപടി പറയണം. ഇടതുപക്ഷം ബില്ലിനെ എതിർത്തു. രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചപ്പോഴും എതിർക്കാതെ ബി.ജെ.പിയുമായി കോൺഗ്രസ് ഒത്തുകളിച്ചു.