kaumudy-news-headlines

1. എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ മോശം പരാമര്‍ശത്തില്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പരാതി നല്‍കി. തനിക്ക് എതിരായ പരാമര്‍ശം ആസൂത്രിത നീക്കം എന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഡിവൈ.എസ്.പിക്ക് പാരതി നല്‍കിയ ശേഷം രമ്യ മാദ്ധ്യമങ്ങളോട്. നിയമ നടപടിയുമായി മുന്നോട്ട് പോകാനുള്ള നീക്കം, മോശം പരാമര്‍ശത്തില്‍ വിജയരാഘവന്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ

2. പ്രസ്താവന മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. പറഞ്ഞ് പരത്തുന്നത്, താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍. കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്ന് ആണ് പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്. ആരെക്കുറിച്ചും മോശമായി പറയുന്ന പ്രസ്ഥാനമല്ല സി.പി.എം എന്നും പ്രതികരണം. എല്‍.ഡി.എഫ് കണ്‍വീനറിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും

3. വിജയരാഘവന്‍ പറഞ്ഞത് രാഷ്ട്രീയമായ കാര്യമെന്ന് കോടിയേരി. ഇല്ലാത്ത കാര്യങ്ങള്‍ വിജയരാഘവന്റെ വായില്‍ തിരുകി കയറ്റുന്നു എന്നും പ്രതികരണം. വിജയരാഘവനെ ന്യായീകരിച്ച് ആലത്തൂര്‍ സ്ഥാനര്‍ാത്ഥി പി.കെ ബിജുവും രംഗത്ത് എത്തിയിരുന്നു. അതേസമയം, വിജയരാഘവന്റെ വാക്കുകള്‍ അനവസരത്തില്‍ ആണെന്ന് ആണ് ഇടത് മുന്നണി നേതാക്കളുടെ പൊതു വിലയിരുത്തല്‍

4. ശബരിമല വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ്. ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ അധികാരവും ഖജനാവും ഉപയോഗിച്ചെന്ന് വിമര്‍ശനം. ബി.ജെ.പിയും കോണ്‍ഗ്രസും രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായി ശബരിമലയെ ഉപയോഗിച്ചെന്നും എന്‍.എസ്.എസ് മുഖപത്രമായ സര്‍വീസസില്‍ പരാമര്‍ശം

5. അധികാരം കൈയിലുള്ള സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ആചാര അനുഷ്ഠാനങ്ങള്‍ നിലനില്‍ക്കണം എന്ന വിശ്വാസികളുടെ മൗലികാവകാശത്തെ സംരക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മുഖപത്രത്തില്‍ എന്‍.എസ്.എസ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സമദൂര നിലപാട് തുടരും. വിശ്വാസത്തിന്റെ പേരില്‍ വോട്ട് ചോദിക്കാന്‍ ആര്‍ക്കാണ് അവകാശമുള്ളത് എന്ന് വിശ്വാസി സമൂഹം തീരുമാനിക്കട്ടെ എന്നും ലേഖനത്തില്‍ പരാമര്‍ശം

6. പെരിയ ഇരട്ടക്കൊലപാതക കേസ് ഏറ്റെടുക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ സി.ബി.ഐക്ക് ഹൈക്കോടതി നിര്‍ദ്ദേശം. നടപടി, കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍. നിലവിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം. പത്ത് ദിവസത്തിനകം സത്യവാങ് മൂലം സമര്‍പ്പിക്കണം.

7. സി.പി.എം നേതാക്കള്‍ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഡാലോചന പുറത്ത് കൊണ്ടു വരണമെന്നും ഹര്‍ജിയില്‍ ആവശ്യം. കേസ് അടുത്ത മാസം 12ന് വീണ്ടും പരിഗണിക്കും. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്ന് ബന്ധുക്കളുടെ ആരോപണം.

8. വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ വേറിട്ടൊരു ആശയവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗാനം തയ്യാറാക്കി. ആദ്യമായാണ് തിരഞ്ഞെടുപ്പ് വിഭാഗം മലയാളത്തില്‍ ഒരു ഔദ്യോഗിക ഗീതം ഒരുക്കുന്നത്. ഗാനത്തിന്റെ ഡി.വി.ഡി നാളെ രാവിലെ 10ന് വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം പ്രകാശനം ചെയ്യും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടേത് ആണ് തിരഞ്ഞെടുപ്പ് ഗീതമെന്ന ആശയം

9. ഐ.എം.ജി ഡയറക്ടറും മുന്‍ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാറിന്റെ വരികള്‍ക്ക് മാത്യു ടി ഇട്ടിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സാംസ്‌കാരിക, സാമൂഹിക, ദേശഭക്തി ആശയങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഗാനം കെ.എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്

10. തൊടുപുഴയില്‍ ഏഴ് വയസുകാരന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കുട്ടിയുടെ മുത്തശ്ശി. കുഞ്ഞിനെ അരുണ്‍ ക്രൂരമായി മര്‍ദിക്കുന്ന വിവരം വിദേശത്ത് ആയിരുന്ന തങ്ങളെ അറിയിച്ചിരുന്നെങ്കില്‍ കുട്ടിയ്ക്ക് ഈ അവസ്ഥ വരില്ലായിരുന്നു എന്ന് കേരള കൗമുദി ഫ്ളാഷിന് നല്‍കിയ അഭിമുഖത്തില്‍ മുത്തശി.

11. മാദ്ധ്യമങ്ങളിലൂടെയാണ് അരുണ്‍ ആനന്ദ് ക്രൂരമായി കുഞ്ഞിനെ മര്‍ദിച്ച വിവരമറിഞ്ഞതെന്നും ഏഴ് വയസ്സുകാരന്റെ മരിച്ചു പോയ പിതാവിന്റെ 'അമ്മ കൗമുദി ഫ്ളാഷിനോട് പറഞ്ഞു. അരുണിനൊപ്പം ജീവിക്കരുതെന്നും പറഞ്ഞിട്ടും യുവതി അനുസരിച്ചില്ലെന്നും മുത്തശ്ശിയുടെ വെളിപ്പെടുത്തല്‍. ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള ഇളയ കുട്ടിയെ ഇവര്‍ ആവശ്യപ്പെടുമെന്നും മുത്തശ്ശി.

12. അതേസമയം, തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയില്‍. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുന്നുണ്ടെങ്കിലും, മരുന്നുകളോടും ഭക്ഷണത്തോടും ശരീരം പ്രതികരിക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വെന്റിലേറ്റര്‍ മാറ്റിയാല്‍ കുട്ടിക്ക് അതിജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.