election-2019

കൽപ്പറ്റ: തുഷാർ വന്നു, മത്സരക്കളം ഉഷാറായി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന വയനാടൻ പോരിനെ നേരിടാൻ തൃശൂർ വിട്ട് എത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ഇന്നലെ മണ്ഡലത്തിൽ പദമൂന്നിയതു തന്നെ ഉത്സവമേളങ്ങളുടെ അകമ്പടിയോടെ!

ലക്കിടിയിലായിരുന്നു ബി.ഡ‌ി.ജെ.എസ്- ബി.ജെ.പി പ്രവർത്തകരുടെ സ്വീകരണം. പിന്നെ,​ കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന. വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ കൽപ്പറ്റയിലെത്തി അയ്യപ്പക്ഷേത്ര ദർശനം. അവിടെ തുഷാറിനെ സ്വീകരിക്കാൻ ക്ഷേത്രം വൈസ് പ്രസിഡണ്ട് ഇ.എസ് സുരേഷ് സ്വാമിയും സെക്രട്ടറി സി.കെ മഹേഷ് കുമാറും മറ്റും കാത്തുനിൽപ്പുണ്ടായിരുന്നു.

പതിനൊന്നരയോടെ റോഡ് ഷോ. തുറന്ന വാഹനത്തിൽ കയറി തുഷാർ വഴിയോരത്ത് നിരന്ന പ്രവർത്തകരെയും വോട്ടർമാരെയും അഭിവാദ്യം ചെയ്‌തു. പൊരിവെയിലത്തും ആവേശം അലതല്ലിയ പ്രചാരണത്തുടക്കം. റോഡ് ഷോ‌യ്‌ക്ക് വാദ്യവും മേളവും അമ്മൻകുടവും ചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ പൂരപ്പൊലിമ. ആയിരക്കണക്കിനു പ്രവർത്തകർ തുഷാറിന് അഭിവാദ്യമാർപ്പിച്ച് റോഡ് ഷോയിൽ പങ്കാളികളായി.

ഇന്നാണ് തുഷാർ വെള്ളാപ്പള്ളിയുടെ നാമനിർദേശ പത്രികാ സമർപ്പണം. എൻ.ഡി.എ സംസ്ഥാന നേതാക്കൾക്കൊപ്പം കൽപ്പറ്റ എൽ.ഐ.സി ഓഫീസ് പരിസരത്തു നിന്ന് ആഘോഷവും ആർപ്പുവിളിയുമായി പ്രവർത്തകർ തുഷാറിനെ ജില്ലാ കള‌ക്‌ടറേറ്റിലേക്ക് അനുഗമിക്കും. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൈലി വാത്യാട്ട്,​ സെക്രട്ടറി രാജേഷ് നെടുമങ്ങാട്,​ ജനറൽ സെക്രട്ടറിമാരായ ഫാ. റിജോ നിരപ്പുകണ്ടം, സുഭാഷ് വാസു, കെ. പത്മകുമാർ, വയനാട് ജില്ലാ പ്രസിഡണ്ട് എൻ.കെ ഷാജി, അഡ്വ. സിനിൽ മുണ്ടപ്പള്ളി തുടങ്ങി നേതാക്കളുടെ നിര തന്നെ ഇന്ന് തുഷാറിനൊപ്പമുണ്ടായിരുന്നു.

വയനാട്ടിൽ താനും രാഹുലും തമ്മിലാണ് മത്സരമെന്ന് തുഷാർ കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. അമേതിയിൽ നിന്ന് ജനങ്ങൾ രാഹുലിനെ നിഷ്‌കാസിതനാക്കിയിരിക്കുകയാണ്. പരാജയഭീതി മൂലമാണ് ന്യൂനപക്ഷ വോട്ടിൽ കണ്ണുനട്ട് രാഹുൽ ഇവിടെയെത്തുന്നത്. അമേതിയിൽ ഒന്നും ചെയ്യാത്ത രാഹുൽ ഇവിടെ എന്തങ്കിലും ചെയ്യുമെന്ന് പറയുന്നതു തന്നെ മൗഢ്യമാണ്.

ലോകത്തിനു മാതൃകയായ നരേന്ദ്രമോദിയുടെ കരങ്ങൾക്ക് ശക്തി പകരാൻ വയനാട്ടിലെ ജനങ്ങൾ തന്നെ തിരഞ്ഞെടുക്കുക തന്നെ ചെയ്യുമെന്നും അദേഹം പറഞ്ഞു. രാത്രിയാത്രാ നിരോധനം, ബദൽ പാത, റെയിൽവേ, എയിംസ്, കർഷക- ആദിവാസി- ന്യൂനപക്ഷ പാക്കേജുകൾ തുടങ്ങി വയനാടിന്റെ മുഖച്ഛായ മാറ്റുന്ന പലതും ആസ്‌പിരേഷൻ ജില്ലാ പദ്ധതിയിലൂടെ നടപ്പാക്കാനാകും- നിറഞ്ഞ കരഘോഷത്തിനിടെ തുഷാർ പറഞ്ഞു. മണ്ഡലത്തിലെത്തിയ ഇന്നലെത്തന്നെ തുഷാർ വിവിധ മതനേതാക്കളുമായും സാമൂഹിക- സാംസ്‌കാരിക പ്രമുഖരുമായും ചർച്ച നടത്തി അനുഗ്രഹാശിസ്സുകൾ തേടി.

രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ദേശീയ ശ്രദ്ധയിലേക്കുയർന്ന വയനാട്ടിൽ,​ തുഷാറിന്റെ മത്സരം കൊഴുപ്പിക്കാനുള്ള ആവേശത്തിലാണ് എൻ.ഡി.എ പ്രവർത്തകർ. ഇന്നു വൈകിട്ട് കോഴിക്കോട്ടെത്തുന്ന രാഹുൽ ഗാന്ധി നാളെയാണ് പത്രിക സമർപ്പിക്കുക. അതോടെ,​ വയനാട്ടിലെ പ്രചാരണരംഗം മാറിമറിയും. സംസ്ഥാനമെമ്പാടും നിന്നുള്ള ബി.ഡി.ജെ.എസ് പ്രവർത്തകരാണ് തുഷാറിന് പിന്തുണയും സഹായവും നൽകാനും,​ പ്രചാരണ ജോലികൾക്കുമായി വയനാട്ടിൽ എത്തിയിരിക്കുന്നത്. രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കു പുറമേ,​ ദേശീയ ടിവി ചാനലുകളുടെ സംഘവും വൻ മാദ്ധ്യമപ്പടയും വയനാട്ടിൽ തമ്പടിച്ചു കഴിഞ്ഞു. അപ്പോൾ അമേതിയിലോ?​ വയനാട് അതുക്കും മേലെ!