rahul-gandhi

ന്യൂഡൽഹി: ലോക്‌സഭ തിര‍ഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കാനുള്ള കാരണം വെളിപ്പെടുത്തി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.തെക്കേ ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം ഉണ്ടെന്ന സന്ദേശം നൽകാണ് താൻ വയനാട്ടിലെത്തുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെക്കെ ഇന്ത്യയിലെ ജനങ്ങളോട് ശത്രുതാപരമായ നിലപാടാണ് ഉള്ളതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി നാളെയാണ് കേരളത്തിലെത്തുന്നത്. രാഹുലിന്റെ സന്ദർശനത്തെ തുടർന്ന് വയനാട്ടിൽ കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മറ്റന്നാളാണ് നാമനിർദേശ പത്രികാ സമർപ്പണം. നാളെ രാത്രി എട്ട് മണിയോടെ കോഴിക്കോട് എത്തുന്ന രാഹുൽ വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഹെലികോപ്ടറിൽ വയനാട്ടിലേക്ക് തിരിക്കും. നഗരത്തിൽ രണ്ട് കിലോമീറ്റർ ദൂരം റോഡ് ഷോ നടത്തിയതിന് ശേഷമായിരിക്കും കലക്ടറേറ്റിൽ എത്തി പത്രിക സമർപ്പിക്കുക.

വയനാട് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുത്ത 100 നേതാക്കൾ രാഹുൽ ഗാന്ധിയുമായി ഡി.സി.സി ഓഫീസിൽ കൂടിക്കാഴ്ച നടത്തും. പ്രിയങ്ക ഗാന്ധിയും എ.കെ ആൻറണിയും രാഹുൽ ഗാന്ധിക്കൊപ്പം വയനാട്ടിൽ എത്തുന്നുണ്ട്. നിരവധി ദേശീയ സംസ്ഥാന നേതാക്കളാണ് വയനാട്ടിലെ തിരഞ്ഞെടുപ്പുമായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മണ്ഡലത്തിലെത്തുന്നത്.