jandhan-

ന്യൂഡൽഹി:ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലിയിലെ 1700ഓളം ജൻധൻ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഈ അക്കൗണ്ടുകളിലേക്ക് കുറച്ചു ദിവസങ്ങളായി അനധികൃതമായി പണം നിക്ഷേപിച്ചെന്നാണ് കമ്മിഷന്റെ വിശദീകരണം. 10,000 രൂപ വീതം 1700 അക്കൗണ്ടുകളിലായി 1.7 കോടി രൂപയാണ് നിക്ഷേപിച്ചതെണ് റിപ്പോർട്ട്.

പണം നിക്ഷേപിച്ച് സ്ഥാനാർത്ഥികൾ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതാണോ എന്നാണ് കമ്മിഷൻ അന്വേഷിക്കുന്നത്.

സംഭവത്തിൽ ആദായനികുതി വകുപ്പ്, മറ്റ് ഏജൻസികളുമായി ചേർന്ന് അന്വേഷണം ആരംഭിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണവും വോട്ടർമാർക്കുള്ള പ്രലോഭനങ്ങളും തടയുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഏജൻസികളാണ് ഇവ.അക്കൗണ്ടുകൾ എടുത്തിട്ടുള്ള ബാങ്കുകളുമായും തിരഞ്ഞെടുപ്പ് കമ്മിഷൻ ബന്ധപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും സർക്കാർ പദ്ധതിയിലുൾപ്പെട്ട പണമാണോ നിക്ഷേപിച്ചതെന്നും പരിശോധിക്കും. എല്ലാ ഇന്ത്യാക്കാർക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28നാണ് പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾ തുറന്നത്.