കൊച്ചി: ചരിത്രത്തിൽ ആദ്യമായി ബോംബെ ഓഹരി സൂചിക (സെൻസെക്‌സ്) 39,000 പോയിന്റുകൾ മറികടന്ന് വ്യാപാരം പൂർത്തിയാക്കി. ഇന്നലെ 184 പോയിന്റ് മുന്നേറി 39,056ലാണ് സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചിക (നിഫ്‌റ്രി) 44 പോയിന്റുയർന്ന് 11,713ലും വ്യാപാരം പൂർത്തിയാക്കി. വാഹനം, ബാങ്കിംഗ് ഓഹരികളിൽ ദൃശ്യമായ മികച്ച വാങ്ങൽ ട്രെൻഡാണ് ഓഹരി വിപണിക്ക് കരുത്താകുന്നത്.
ടാറ്രാ മോട്ടോഴ്‌സ്, ഐഷർ മോട്ടോഴ്‌സ്, എസ്.ബി.ഐ., ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ എന്നിവയാണ് ഇന്നലെ റെക്കാഡ് ഉയരത്തിലേക്ക് ഓഹരി വിപണിയെ നയിച്ച കമ്പനികൾ. മാർച്ചിൽ മികച്ച വില്‌പന നേട്ടം വാഹന നിർമ്മാണ കമ്പനികൾ കുറിച്ചതാണ്, ഇവയുടെ ഓഹരികളെ നിക്ഷേപകർക്ക് പ്രിയങ്കരമാക്കിയത്. ടാറ്രാ മോട്ടോഴ്‌സിന്റെ ഓഹരികൾ ഇന്നലെ 8.62 ശതമാനമാണ് കുതിച്ചത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ വൻതോതിൽ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടുന്നതും ഓഹരി വിപണിക്ക് നേട്ടമാകുന്നു. ഈമാസം നാലിന് പ്രഖ്യാപിക്കുന്ന ധനനയത്തിൽ റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കുകൾ കുറച്ചേക്കുമെന്ന സൂചനകളും ഓഹരി വിപണിക്ക് കരുത്താകുന്നുണ്ട്.
ഡോളറിനെതിരെ ഇന്നലെ 40 പൈസ മുന്നേറി 68.74ലാണ് ഇന്ത്യൻ റുപ്പി വ്യാപാരം അവസാനിപ്പിച്ചത്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സെഷനിൽ ഡോളറിനെതിരെ രൂപ ഇത്ര ഉയർന്ന നേട്ടമുണ്ടാക്കുന്നത്. ഓഹരി വിപണിയുടെ കുതിപ്പാണ് രൂപയ്ക്ക് ആവേശമാകുന്നത്.