ഓയൂർ: യുവതിയെ പട്ടിണിക്കിട്ടത് കൊല്ലാൻവേണ്ടിതന്നെയാണെന്ന് കൊലക്കേസിൽ പ്രതികളായ ഭർത്താവും ഭർതൃമാതാവും പൊലീസിന് മൊഴി നൽകി. രണ്ടു കുട്ടികളുടെ മാതാവായ തുഷാരയെ (27) പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ വസതിയിൽ ഭർത്താവ് ചന്തുലാലിനെയും ഭർതൃമാതാവ് ഗീതാലാലിനെയും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയപ്പോഴാണ് ഇവർ കുറ്റസമ്മതം നടത്തിയത്. ചോദിച്ച സ്ത്രീധനം നൽകാത്തതിന്റെ പകയായിരുന്നു കാരണം.
മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വൻ പൊലീസ് സന്നാഹത്തോടെയാണ് ഇന്നലെ വൈകുന്നേരം നാലു മണിയോടെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചത്. ഒരു മണിക്കൂറോളം തെളിവുകൾ ശേഖരിച്ചു. ചന്തുലാലിന് യാതൊരു കൂസലുമില്ലായിരുന്നു. തകരഷീറ്റ് മറച്ച് ടാർപ്പാളിൻ കെട്ടിയ വീട്ടിൽ തുഷാരയെ സ്ഥിരമായി പാർപ്പിച്ചിരുന്ന ഇടുങ്ങിയ മുറിയും, വീടിന് പിന്നിൽ ഉയർത്തിക്കെട്ടിയ ഷീറ്റിന് ഇടയിലായി തുറസായസ്ഥലത്ത് തുഷാരയ്ക്കായി പ്രത്യേകം സ്ഥാപിച്ച യൂറോപ്യൻ ക്ലോസറ്റും കാട്ടിക്കൊടുത്തു. മാതാവ് ഗീതാലാൽ കുടുസുമുറിയിലെ കട്ടിലിൽ ഇരുന്ന് ഇടറിയ ശബ്ദത്തിലാണ് കാര്യങ്ങൾ വിവരിച്ചത്. ചന്തുലാലിന്റെ സഹോദരി ജാൻസിയെയും, ചന്തുലാലിന്റെ അച്ഛൻ ലാലിനെയും പൊലീസ് വിളിച്ചുവരുത്തി കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചന്തുലാൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഗീതാലാൽ പൂജ നടത്തിയിരുന്ന വീടിന് മുന്നിലെ ക്ഷേത്രം പൊലീസ് തുറന്ന് പരിശോധിച്ചു. നിലവിളക്കും ചിത്രങ്ങളും പൂജാസാധനങ്ങളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
പ്രതികളെ കൊണ്ടുവരുമെന്നറിഞ്ഞ് നൂറു കണക്കിനാളുകൾ തടിച്ചുകൂടിയിരുന്നു. പ്രതികളുമായി പൊലീസ് വാഹനം എത്തിയതോടെ കൂക്കുവിളിയും അസഭ്യ വർഷവുമായി. ചുറ്റുംകൂടിയ പ്രദേശവാസികളെ ഏറെ പണിപ്പെട്ടാണ് പൊലീസ് അകറ്റി നിറുത്തിയത്. തെളിവെടുപ്പിന് ശേഷം പൂയപ്പള്ളി സ്റ്റേഷനിലെത്തിച്ച പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഗീതാലാലിന്റെ മന്ത്രവാദവും ആഭിചാരക്രിയകളും യുവതിയുടെ മരണത്തിന് കാരണമായിട്ടുണ്ടോയെന്നും അന്വേഷിക്കും.
കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് തുഷാര ഭവനിൽ തുളസീധരൻ - വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാരയെ ഭർതൃവസതിയായ ഓയൂർ ചെങ്കുളം, പറണ്ടോട് ചരുവിളവീട്ടിൽ പട്ടിണിക്കിട്ട് കൊല്ലപ്പെടുത്തുകയായിരുന്നു. മാർച്ച് 21നാണ് മരണം സംഭവിച്ചത്.