modi

പാട്ന: വാഗ്ദാനങ്ങൾ നിറവേറ്റാൻ തനിക്ക് ഒരു അവസരം കൂടി തരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ ജമുയി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനംചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.

''എല്ലാം ചെയ്തു തർത്തുവെന്ന് എനിക്ക് അവകാശപ്പെടാൻ പറ്റില്ല. 70 വർഷംകൊണ്ട് കോൺഗ്രസിന് കഴിയാത്തത് അഞ്ചുവർഷംകൊണ്ട് എനിക്കെങ്ങനെ അതിന് കഴിയും? വാഗ്ദാനങ്ങൾ നിറവേറ്റാൻ തുടർച്ചയായ പരിശ്രമങ്ങൾ വേണം. അതിനുള്ള കഴിവുണ്ട്. നിങ്ങളുടെ അനുഗ്രഹവും വേണം. " മോദി പറഞ്ഞു. കോൺഗ്രസും അതിന്റെ കൂട്ടുകക്ഷികളും ഭരിച്ചിരുന്നപ്പോൾ രാജ്യം റിവേഴ്സ് ഗിയറിലായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി. പ്രസംഗത്തിലുടനീളം കോൺഗ്രസിനെയും നെഹ്‌റു കുടുംബത്തെയും മോദി കടന്നാക്രമിച്ചു. സംവരണമണ്ഡലമായ ജമുയിൽ ഏപ്രിൽ 11നാണ് വോട്ടെടുപ്പ്.

അതേസമയം, പ്രധാനമന്ത്രി കർഷകരെക്കുറിച്ചോ തൊഴിലാളികളെക്കുറിച്ചോ വികസനത്തെക്കുറിച്ചോ പറയുന്നില്ലെന്നും അർത്ഥമില്ലാത്ത കാര്യങ്ങൾ മാത്രമാണ് പറയുന്നതെന്നും തനിക്ക് നാണക്കേട് തോന്നുന്നുവെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു.



''ബി.ജെ.പിക്ക് നിങ്ങൾ 60 മാസങ്ങൾ നൽകൂ, രാജ്യത്ത് വികസനം കൊണ്ടുവരും."

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് യുപിയിൽ മോദി പറഞ്ഞത്.