modi

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിന് നല്ലതെന്ന് റോയിട്ടേഴ്‌സിന്റെ സർവേ. സർവേയിൽ പങ്കെടുത്ത എല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഇതേ അഭിപ്രായമാണ് നടത്തിയത്. അതേസമയം ജി.ഡി.പി വളർച്ച,​ തൊഴിലില്ലായ്‌മ നിരക്ക് എന്നിവ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തുവിടുന്ന കണക്കുകൾ വിശ്വസനീയമാണെന്ന് വിലയിരുത്തിയത് 53 ശതമാനം സാമ്പത്തിക വിദഗ്ദ്ധർ മാത്രമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എൻ.ഡി.എ സർക്കാർ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക്,​ തൊഴിലില്ലായ്‌മ നിരക്ക് എന്നിവ സംബന്ധിച്ച തെറ്രായ വിവരങ്ങൾ പുറത്തുവിട്ടുവെന്ന് ശക്തമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈമാസം നാലിന് പ്രഖ്യാപിക്കുന്ന ധനനയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കുറച്ചേക്കുമെന്നും സർവേ വ്യക്തമാക്കി. ഫെബ്രുവരിയിലെ ധനനയത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു. റിപ്പോ നിരക്കിൽ കാൽ ശതമാനം ഇളവാണ് ഇക്കുറിയും പ്രതീക്ഷിക്കുന്നത്.