narendra-modi

പാറ്റ്ന: കോൺഗ്രസിനെ രൂക്ഷമായി വിമ‍ർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. 70 വർഷം കൊണ്ട് കോൺഗ്രസിന് അങ്ങനെ പറയാൻ സാധിച്ചില്ലെങ്കിൽ അഞ്ച് വർഷത്തിനു ശേഷം തനിക്ക് എങ്ങനെ അതു പറയാൻ സാധിക്കുമെന്നു പ്രധാനമന്ത്രി ചോദിച്ചു. അതുകൊണ്ട് തന്നെ വാഗ്ദാനങ്ങൾ നിറവേറ്റാൻ തങ്ങൾക്ക് ഒരു അവസരം കൂടി നൽകണമെന്നും മോദി ആവശ്യപ്പെട്ടു. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിരവധി കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതായിട്ടുണ്ട്, അത് ചെയ്യാനുള്ള സാമർഥ്യവുണ്ട്. എന്നാൽ അതിന് വേണ്ടിയുള്ള ശ്രമം അനിവാര്യമാണ്. അതിന് നിങ്ങളുടെ അനുഗ്രഹം എനിക്ക് ആവശ്യമാണ്'. മോദി വിശദീകരിച്ചു. കോൺഗ്രസിനു നിങ്ങൾ 60 വർ‌ഷം നൽകി. ബി.ജെ.പിക്ക് 60 മാസങ്ങൾ നൽകൂ, രാജ്യത്ത് വികസനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ വികസനം പുറകോട്ടാണ് പോയത്. രാജ്യത്ത് വിലക്കയറ്റം, ഭീകരത, അക്രമം, അഴിമതി, കള്ളപ്പണം തുടങ്ങിയവയെല്ലാം കോൺഗ്രസ് കാലഘട്ടത്തിൽ വർദ്ധിച്ചെന്നും മോദി ആരോപിച്ചു. രാജ്യത്തിന്റെ സമൃദ്ധി, വിശ്വാസ്യത, സായുധസേനയുടെ ആത്മവീര്യം തുടങ്ങിയവയെല്ലാം ചോർന്നു പോയതായും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ നെഹ്റു കുടുംബത്തിനെതിരെയും കോൺഗ്രസ് നേത‌‌ൃത്വത്തിനെതിരെയും മോദി ശക്തമായി വിമർശിച്ചു.