thodupuzha

ഇടുക്കി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച് പരിക്കേറ്റ ഏഴുവയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ അത്ഭുതം ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നു കുട്ടിയെ ചികിൽസിക്കുന്നഡോക്ടർ പറഞ്ഞു. കുട്ടിയുടെ ചികിത്സ ഇതേപടി തുടരാനാണ് മെ‌ഡിക്കൽ ബോർഡിന്റെ നിർദ്ദേശമെന്നും ഡോക്ടർമാർ പറഞ്ഞു.

മെഡിക്കൽ ബോർഡിന്റെ സാന്നിധ്യത്തിൽ ഇന്നലെ അൽപനേരം വെന്റിലേറ്റർ മാറ്റിനോക്കിയെങ്കിലും സ്വയം ശ്വസിക്കാനുള്ള ശ്രമം ഉണ്ടായില്ല.തലച്ചോർ ഒരു ശതമാനംപോലും പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിൽ അത്ഭുതം പ്രതീക്ഷിക്കുന്നില്ലെന്നു കോലഞ്ചേരി മെഡിക്കൽകോളേജ് ന്യൂറോ സർജറി വിഭാഗം മേധാവിഡോക്ടർ ശ്രീകുമാർ പറഞ്ഞു. കുട്ടിയുടെ കുടൽ, ഹൃദയം, വൃക്കകൾ തുടങ്ങിയ ആന്തരിക അവയവങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദ്രവ രൂപത്തിലുള്ള ഭക്ഷണം ഇന്ന് കൂടുതലായി കൊടുക്കാൻ ശ്രമിക്കുന്നു. രക്ത സമ്മർദ്ദം മരുന്നുകളുടെ സഹായത്തോടെയാണ് നിലനിർത്തുന്നത്.

അതേസമയം, ഏഴ് വയസുകാരനെ മൃഗീയമായി മർദ്ദിക്കുകയും ലൈംഗികമായും പീഡിപ്പിക്കുകയും ചെയ്ത പ്രതി അരുൺ ആനന്ദിനെതിരെ പോക്‌സോ ചുമത്തി. ഇളയകുട്ടിയെ മർദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നതും പരിഗണനയിലാണ്. ക്രൂരമായ മർദ്ദിച്ചതിന് പുറമേ ഏഴ് വയസ്സുകാരനെ അരുൺ പല തവണ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കുട്ടിയെ അരുൺ നിരന്തരം മർദ്ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.

അരുണിന്റെ ക്രിമിനൽ പശ്ചാത്തലം കൂടി അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷണം. പിടികൂടുമ്പോൾ അരുണിന്റെ കാറിൽ മദ്യകുപ്പികൾക്കൊപ്പം കൈക്കോടാലിയും ഉണ്ടായിരുന്നു. കാറിന്റെ ഡിക്കിയിൽ നിന്ന് രണ്ട് പ്രഷർ കുക്കറുകൾ, സിഗരറ്റ് ലാംപ്, ഒരു ബക്കറ്റ് എന്നിവ കണ്ടെടുത്തു. പ്രതിയുടെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങൾക്ക് സമാനമായ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നു. അരുൺ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. പോക്‌സോയ്‌ക്കൊപ്പം വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. തൊടപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.