കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർത്ഥിയായി വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധി നോമിനേഷൻ സമർപ്പിക്കാൻ ഇന്ന് രാത്രി ഏഴ് മണിക്ക് കോഴിക്കോട്ട് എത്തും. കൂടെ സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടായിരിക്കും.അസമിലെ പ്രചാരണ പരിപാടികൾക്ക് ശേഷം ഗോഹട്ടിയിൽ നിന്നാണ് അദ്ദേഹം കോഴിക്കോട് എത്തുന്നത്. ഹെലികോപ്റ്ററിൽ പ്രതിരോധ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ഇറങ്ങുന്ന രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ ചേർന്ന് സ്വീകരിക്കും. രാത്രി കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസിൽ വിശ്രമിക്കുന്ന രാഹുൽ ഗാന്ധി നാളെ രാവിലെ വിക്രം മൈതാനിയിൽ നിന്ന് തന്നെ ഹെലികോപ്റ്ററിൽ കല്പറ്റയിലേക്ക് പോവും.അവിടെ റോഡ് ഷോയിലൂടെ കളക്ടറേറ്റിൽ എത്തി പത്രിക സമർപ്പിക്കും.തുടർന്ന് ഹെലികോപ്റ്ററിൽ കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോവും.
രാഹുൽ ഗാന്ധിയോടൊപ്പം കർണ്ണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി ഡി.കെ ശിവകുമാർ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരും ഉണ്ടാവുമെന്നാണ് അറിയുന്നത്.