തൃശൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് പ്രധാനമന്ത്രിയുടെ പ്രത്യക നിർദേശ പ്രകാരമാണെന്ന് നടൻ സുരേഷ് ഗോപി.ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പ്രഖ്യാപനം നടത്തിയത്. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ രാഹുൽ ഗാന്ധിക്കതിരെ മത്സരിക്കാൻ എത്തിയതോടെയാണ് തൃശൂർ സീറ്റ് ബി.ജെ.പി ഏറ്റെടുത്തത്.
ബി.ജെ.പിക്ക് ഏറെ വിജയപ്രതീക്ഷയുള്ള മണ്ഡലത്തിൽ നല്ലൊരു സ്ഥാനാർത്ഥിയെ നിറുത്തണമെന്ന് പാർട്ടി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പല പേരുകളും നേതൃത്വം പരിഗണിച്ചെങ്കിലും സുരേഷ് ഗോപി നിന്നാൽ അത് നേട്ടമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. മലയാള സിനിമയിലെ താരപരിവേഷവും എം.പി എന്ന നിലയിലെ പ്രവർത്തനവും ശബരിമല അടക്കമുള്ള വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളും സുരേഷ് ഗോപിക്ക് അനുകൂലമാകുമെന്ന് വിലയിരുത്തിയിരുന്നു. അതേസമയം, തൃശൂരിൽ സുരേഷ് ഗോപി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമാകും നടക്കുക.