ദുബായ്: മഹാഭാരത കഥയെ ആസ്‌പദമാക്കി എം.ടി വാസുദേവൻ നായർ രചിച്ച രണ്ടാമൂഴം നോവൽ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്ന് ഡോ.ബി.ആർ. ഷെട്ടി അറിയിച്ചു. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ എന്നെ സമീപിച്ചപ്പോൾ ഞാൻ നിർമാണം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, പിന്നീട് എംടിയും ശ്രീകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. കോടതിയിൽ കേസ് നടന്നു വരികയാണ്. അതു കൊണ്ട് അതിന്റെ നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ഷെട്ടി വ്യക്തമാക്കി. ദുബായിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യസ്ഥത്തിന് ഞാൻ ശ്രമിച്ചിട്ടില്ല. അതേസമയം, ഇന്ത്യൻ സംസ്‌കാരത്തിന്റെ പൗരാണിക ഇതിഹാസമായ മഹാഭാരതം സിനിമയായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ഭാഷകളിലും അത് അവതരിപ്പിക്കപ്പെടണം. ഹിന്ദിയിലെ പത്മാവത് സിനിമ പോലെ ഒരു സിനിമയല്ല ലക്ഷ്യം. മികച്ച ഒരു തിരക്കഥയ്ക്ക് മാതാ അമൃതാനന്ദമയി, സദ്ഗുരു എന്നിവരുമായി ചർച്ച നടത്തി. മഹാഭാരതം സിനിമ ആക്കുക തന്നെ ചെയ്യും–ബി.ആർ.ഷെട്ടി പറഞ്ഞു.
നേരത്തെ സംവിധായകനുമായുള്ള കരാർ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എംടി രംഗത്തെത്തിയതോടെയാണ് ചിത്രത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടങ്ങിയത്. സംവിധായകൻ ശ്രീകുമാർ മേനോനാണ് എം ടിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി രണ്ടാമൂഴം സിനിമയാക്കാൻ തീരുമാനിച്ചിരുന്നത്.
നാലുവർഷം മുമ്പ് ചർച്ചകൾക്കു ശേഷം എം ടി വാസുദേവൻ നായർ ചിത്രത്തിന്റെ തിരക്കഥ കൈമാറിയിരുന്നു. മൂന്നുവർഷത്തേക്കായിരുന്നു തിരക്കഥയുടെ കരാർ. ഇക്കാലയളവിനുള്ളിൽ സിനിമ പൂർത്തിയാക്കുമെന്നായിരുന്നു സംവിധായകൻ പറഞ്ഞിരുന്നത്. എന്നാൽ മൂന്നുവർഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല.
ബി ആർ ഷെട്ടിയായിരുന്നു സിനിമ നിർമിക്കാൻ തയ്യാറായി മുന്നോട്ടുവന്നത്. പ്രധാനകഥാപാത്രമായ ഭീമസേനനെ മോഹൻലാലായിരുന്നു അവതരിപ്പിക്കാനിരുന്നത്. ആയിരം കോടി രൂപ മുടക്കിയാകും സിനിമ നിർമിക്കുകയെന്നും റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു.
തുടർന്ന് ഒരു വർഷത്തേക്കു കൂടി കരാർ നീട്ടി നൽകിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുന്നത്. മുൻകൂറായി വാങ്ങിയ പണം തിരികെ കൊടുക്കാൻ തയ്യാറാണെന്നും എം ടി വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം.ടി സംവിധായകന് കൈമാറിയത്.