ശ്രീനഗർ: ഇന്ത്യ പാക് അതിർത്തിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാൻ സെെന്യത്തിന്റെ ഏഴ് പോസ്റ്റുകൾ ഇന്ത്യൻ സെെന്യം തകർത്തു. അതിർത്തിയിലെ രജൗരി, പൂഞ്ച് എന്നിവിടങ്ങളിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന്റെ മൂന്ന് സെെനികർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.
കഴിഞ്ഞ ദിവസം പൂഞ്ചിൽ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ബി.എസ്.എഫ്. ഇൻസ്‌പെക്ടറും അഞ്ചു വയസ്സുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടിരുന്നു.തിങ്കളാഴ്ച രാവിലെ മുതൽ പാക് സെെന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് പ്രദേശവാസിയായ പെൺകുട്ടിയും സെെനികനും കൊല്ലപ്പെട്ടത്. തുടർന്ന് പൂഞ്ച് മേഖലയിൽ സ്‌കൂളുകൾ അടച്ചിടാൻ സൈന്യം നിർദേശം നൽകിയിരുന്നു
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലകളിലെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് നിയന്ത്രണ രേഖയിലെ ജനവാസ മേഖലകളിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. പാകിസ്ഥാൻ കഴിഞ്ഞ ദിവസം നടത്തിയ ഷെല്ലാക്രമണത്തിന് മറുപടിയായാണ് ഇന്ത്യൻ സെെന്യം പാക് സെെന്യത്തിന്റെ പോസ്റ്റുകൾ തകർത്തത്.