കൊല്ലം: മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം തങ്കശ്ശേരിയിലാണ് സംഭവം. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന ഫെഡറിക്, ഡാനിയൽ എന്നിവർക്ക് പരിക്കേറ്റു. എന്നാൽ പരിക്ക് ഗുരുതരമല്ല.
തങ്കശ്ശേരിയിൽ നിന്ന് പുറപ്പെട്ട വള്ളവും നീണ്ടകരയിൽ നിന്ന് പുറപ്പെട്ട ബോട്ടും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബോട്ട് വള്ളത്തിലിടിച്ച് വള്ളം മറിയുകയും അതിലുണ്ടായിരുന്ന മൂന്ന് പേർ കടലിലേക്ക് വീഴുകയുമായിരുന്നു. പുലർച്ചെ വെളിച്ചക്കുറവായതിനാൽ വള്ളം ശ്രദ്ധയിൽ പെടാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് ബോട്ടിലുള്ളവർ പറയുന്നത്. ബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബോട്ടിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്.