തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ സ്ഥാനാർത്ഥി പത്രികയെടുക്കാൻ മറന്ന സംഭവം ഏവരെയും ചിരിപ്പിച്ചു. മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിനാണ് കഴിഞ്ഞ ദിവസം അബദ്ധം പിണഞ്ഞത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ മുന്നിൽ നിന്ന് നിരവധി പ്രവർത്തകർക്കൊപ്പമാണ് ഇന്നലെ ചിറ്റയം ഗോപകുമർ നാമനിർദേശക പത്രിക സമർപ്പിക്കാനെത്തിയത്. സജി ചെറിയാൻ എം.എൽ.എ, സി.പി.ഐ നേതാക്കളായ പി.പ്രസാദ്, ഇ.രാഘവൻ, പി.പ്രകാശ് ബാബു, വി.മോഹൻദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
11 മണിക്ക് പത്രിക സമർപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. കൃത്യസമയത്ത് തന്നെ പത്രിക സമർപ്പിക്കാൻ ആർ.ഡി.ഒയുടെ ചേംബറിൽ സ്ഥാനാർത്ഥിയും നേതാക്കളും കയറി. പത്രിക വാങ്ങുന്നതിന് വേണ്ടി ആർ.ഡി.ഓയും നൽകാൻ ചിറ്റയം ഗോപകുമാറും തയ്യാറായെങ്കിലും സമർപ്പിക്കേണ്ട പത്രിക മാത്രം ആരുടേയും കയ്യിലുണ്ടായിരുന്നില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന പത്രിക എടുക്കാൻ മറന്നതാണ് കാരണം. ഇക്കാര്യം മനസ്സിലായതോടെ പത്രിക ഓഫീസിൽ നിന്ന് എടുക്കുകയും ആ.ഡി.ഒ ഓഫീസിൽ എത്തിക്കുകയുമായിരുന്നു.