kollam

കൊല്ലം: പോസ്റ്റർ കീറിയ ബി.ജെ.പി പ്രവർത്തകനെ കൊണ്ട് നാട് മുഴുവൻ ഇടത് മുന്നണി നേതാക്കൾ പോസ്റ്റർ ഒട്ടിച്ചു!. കൊട്ടാരക്കര തേവലപ്പുറത്താണ് സംഭവം. അരീക്കൽ ഭാഗത്ത് കച്ചവടം നടത്തുന്ന ആലിൻകുന്നിൻപുറം സ്വദേശി സത്യദാസ് (ബാഹുലേയൻ) കടയടച്ച് രാത്രിയിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പോസ്റ്റർ കീറിയത്.

റോഡരികിൽ മതിലിൽ ഒട്ടിച്ചിരുന്ന ഇടത് മുന്നണി സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ പോസ്റ്ററുകളാണ് നശിപ്പിച്ചത്. ടോർച്ച് അടിച്ച് ആദ്യം പോസ്റ്റർ ആരുടേതെന്ന് വിലയിരുത്തി. പിന്നെ ചുറ്റും കണ്ണോടിച്ച് ആരുംകാണുന്നില്ലെന്ന് ഉറപ്പാക്കി സത്യദാസ് പോസ്റ്ററുകൾ കീറിക്കളഞ്ഞ ശേഷം ഒന്നും സംഭവിക്കാത്തപോലെ നടന്ന് വീട്ടിലേക്ക് പോയി.

എന്നാൽ രാവിലെ സമീപത്തെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പോസ്റ്റർ കീറിയ ആളെ മനസിലാക്കിയത്. ബി.ജെ.പി പ്രവർത്തകനുമായ സത്യദാസിനോട് വഴക്കുണ്ടാക്കാൻ ഇടത് മുന്നണി പ്രവർത്തകർ തയ്യാറായില്ല. പകരം 150 പോസ്റ്റർ നൽകി. നാട് മുഴുക്കെ ഒട്ടിക്കാൻ നിർദ്ദേശിച്ചു. സംഗതി വിഷയമാക്കേണ്ടെന്ന് കരുതി സത്യദാസ് പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തു.