ന്യൂഡൽഹി: ബഹിരാകാശത്ത് വൻ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ (എ-സാറ്റ്) പരീക്ഷണ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് കൊണ്ട് അറിയിച്ചിരുന്നു. എന്നാൽ, ഈ പരീക്ഷണത്തിന് ഒരുമാസം മുമ്പ് ഇന്ത്യ ഇത്തരമൊരു പരീക്ഷണം നടത്തിയിരുന്നുവെന്നും അത് പരാജയമായിരുന്നുവെന്നും അമേരിക്കൻ മാസിക പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 12-ന് ഇന്ത്യ നടത്തിയ എ-സാറ്റ് പരീക്ഷണം 30 സെക്കൻഡ് മാത്രം നീണ്ട് നിന്ന് ലക്ഷ്യം കാണാതെ പരാജയപ്പെട്ടുവെന്ന് യു.എസ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഡിപ്ലോമാറ്റ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. പരീക്ഷണത്തിന് ശേഷം ലഭിച്ച ഡാറ്റകൾ ശേഖരിച്ചാണ് യു.എസ് ശാസ്ത്രജ്ഞർ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം, ഫെബ്രുവരിയിൽ നടത്തിയ പരീക്ഷണത്തെ സംബന്ധിച്ച് പ്രതിരോധ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.
മാർച്ച് 27-നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'മിഷൻ ശക്തി' വിജയം കണ്ടുവെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതിനിടെ ഇന്ത്യയുടെ എ-സാറ്റ് പരീക്ഷണത്തിനെതിരെ യു.എസ് ബഹിരാകാശ ഏജൻസിയായ നാസ രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈൽ ഉപയോഗിച്ച് തകർത്തത് ഭയാനകമായ നടപടിയാണെന്ന് നാസയുടെ തലവൻ ജിം ബ്രൈഡൻസ്റ്റൈൻ പറഞ്ഞു. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യ തകർത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചിരുന്നു.
ഈ അവശിഷ്ടങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികർക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ജിം ബ്രൈഡൻസ്റ്റൈൻ ചൂണ്ടിക്കാട്ടി. ബഹിരാകാശത്ത് ചിതറി നടക്കുന്ന അവശിഷ്ടങ്ങൾ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ട്. ബഹിരാകാശത്ത് ചിതറിയ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് ബ്രൈഡൻസ്റ്റൈൻ പറഞ്ഞു.