rahul-gandhi

ന്യൂഡൽഹി: അഞ്ചുകോടി ദരിദ്ര കുടുംബങ്ങൾക്ക് വർഷം 72,000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയും കർഷകർക്കായി കിസാൻ ബഡ്‌ജറ്റും വനിതാ സൗഹൃദ പദ്ധതികളും അടക്കമുള്ള കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കിയാൽ അത് രാജ്യചരിത്രത്തിലെ തന്നെ പുതിയൊരു അദ്ധ്യായമാകും. നൂറ്റാണ്ട് പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കാലഹരണപ്പെട്ട വകുപ്പുകൾ മാറ്റുമെന്നാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. ഐ.പി.സിയിലെ രാജദ്രോഹക്കുറ്റം എടുത്തുകളയും, കാശ്‌മീരിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്‌പ നിയമം ഭേദഗതി ചെയ്യും തുടങ്ങിയ വാഗ്‌ദാനങ്ങൾ വൻ വിവാദങ്ങൾക്കും കാരണമാകുമെന്ന് ഉറപ്പ്.

ഇതിന് പുറമെയാണ് വിചാരണ തടവുകാരെ വിട്ടയയ്‌ക്കാനുള്ള തീരുമാനം. വിചാരണ കൂടാതെ തടവിൽ പാർപ്പിക്കുന്നതിനുള്ള നിയമങ്ങൾ ഭേദഗതി ചെയ്യുമെന്നും 3 മുതൽ 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ ചെയ്‌തതിന് വിചാരണത്തടവുകാരായി തുടരുന്നവരെ വിട്ടയയ്‌ക്കുമെന്നും രാഹുലിന്റെ വാഗ്‌ദാനത്തിലുണ്ട്. അടുത്തിടെ പുറത്തുവന്ന ചില കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ ജയിലുകളിൽ വിചാരണത്തടവുകാരായി കഴിയുന്നവരിൽ ഏറെയും ദളിത് ന്യൂനപക്ഷ വിഭാഗത്തിലുള്ളവരാണ്. അതിനാൽ തന്നെ ഈ പ്രഖ്യാപനങ്ങൾ ദളിത്,​ ന്യൂനപക്ഷ വോട്ടുകൾ തങ്ങളുടെ പെട്ടിയിലെത്തിക്കുമെന്ന് കോൺഗ്രസുകാർ കരുതുന്നു. തടവുകാരുടെ മനുഷ്യാവകാശം ഉറപ്പുവരുത്തും. അന്വേഷണ ഏജൻസിയുടെ സ്വതന്ത്രാധികാരങ്ങൾ സി.ആർ.പി.സിയുടേയും തെളിവ് നിയമത്തിന്റെയും പരിധിയിലാക്കും, ജയിൽ നിയമങ്ങൾ പരിഷ്‌കരിക്കുമെന്നും കോൺഗ്രസ് വാഗ്‌ദാനം ചെയ്യുന്നു.

മറ്റ് പ്രഖ്യാപനങ്ങൾ

പൊതുമേഖലയിൽ 34 ലക്ഷം തൊഴിലുകൾ സ‌ൃഷ്‌ടിക്കും

സംസ്ഥാനങ്ങളിലെ 20ലക്ഷം ഒഴിവുകൾ നികത്താൻ സമ്മർദ്ദം ചെലുത്തും.

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക സമത്വ അവസര കമ്മിഷൻ

 ഗ്രാമങ്ങളിൽ 10 ലക്ഷം സേവാ മിത്ര തസ്‌തികകൾ

നിതി ആയോഗ് പിരിച്ചു വിട്ട് ആസൂത്രണ കമ്മിഷൻ വീണ്ടും

 പുതിയ ബിസിനസുകൾക്ക് മൂന്നുവർഷത്തേക്ക് അനുമതി വേണ്ട.

 വ്യവസായ, സേവന, തൊഴിൽ മന്ത്രാലയം രൂപീകരിക്കും

പ്രവാസി മന്ത്രാലയം പുന:സ്ഥാപിക്കും.

 സർക്കാർ ജോലിക്ക് അപേക്ഷാ ഫീസ് ഇല്ലാതാക്കും

 നോട്ട്നിരോധനം, ജി.എസ്.ടി ബാദ്ധ്യതകളിൽ നിന്ന് കരകയറ്റും

 12 ക്ളാസുവരെ സൗജന്യ, നിർബന്ധിത വിദ്യാഭ്യാസം

 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന് റിവാർഡ്

 വനിതകളെ നിയമിച്ചാൽ സാമ്പത്തിക ഇൻസെന്റീവ്

വനിതകൾക്ക് തുല്യവേതനം

വനിതകൾക്ക് രാത്രി ഷിഫ്റ്റ് നിരോധിക്കുന്ന നിയമം റദ്ദാക്കും

 ജി.എസ്.ടി പുതിയ രൂപത്തിൽ.

ഇ - വേ ബിൽ നിർത്തലാക്കും

കാർഷിക കടം തിരിച്ചടയ്‌ക്കാത്തത് ക്രിമിനൽ കുറ്റമല്ലാതാക്കും.

 ആദിവാസി ക്ഷേമ കമ്മിഷൻ.

ഗ്രാമങ്ങളിൽ എല്ലാവർക്കും വീടുകൾ

 അസംഘടിത മേഖലയിൽ കുറഞ്ഞ വരുമാനം

 കുടിയേറ്റ തൊഴിലാളികൾക്കും റേഷൻ കാർഡ്.

പൗരത്വ ഭേദഗതി ബിൽ പിൻവലിക്കും.

rahul-gandhi

പ്രകടന പത്രിക അപകടമെന്ന് അരുൺ ജെയ്‌റ്റ്ലി

അതേസമയം,​ കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക അപകടകരമാണെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റ്‌ലി ആരോപിച്ചു. മാവോയിസ്‌റ്റുകളെയും ജിഹാദികളെയും സന്തോഷിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് ഇതിൽ ഉള്ളത്. കാശ്‌മീരിൽ നെഹ്‌റു - ഗാന്ധി കുടുംബം ചെയ്‌ത അബദ്ധങ്ങളെല്ലാം വീണ്ടും തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രകടന പത്രിക തയ്യാറാക്കിയ ആളുകളുടെ മുൻകാല ചരിത്രം പരിശോധിക്കണം. രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കുമെന്ന് പറയുന്നവർ ഒരു വോട്ടിന് പോലും അർഹരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകടന പത്രിക നുണകളുടെ കൂമ്പാരമാണെന്നാണ് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചത്.