തിരുവനന്തപുരം: മോഹൻലാൽ ചിത്രം ലൂസിഫറിനെതിരെ കേരളാ പൊലീസ് അസോസിയേഷൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ലൂസിഫറിലെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം പൊലീസ് വേഷത്തിലെ കഥാപാത്രത്തിന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന പത്രപരസ്യത്തിൽ പ്രതിഷേധിച്ചായിരുന്നു പരാതി. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിഷ്ണു വിജയൻ.
"ആക്ഷൻ ഹീറോ ബിജു കണ്ടിട്ട് കോൺസ്റ്റബിൾ മുതൽ ഐ.പി.എസ് ഓഫീസർ വരെ ഫോൺ ചെയ്ത് അഭിനന്ദിച്ചു എന്നൊരു വാർത്ത ആ സിനിമയിലെ പ്രധാനപ്പെട്ട ആളുകളിൽ നിന്ന് കേട്ടിരുന്നു. സ്റ്റേഷനിൽ വരുന്ന താരതമ്യേന സമൂഹത്തിന്റെ താഴേത്തട്ടിലുള്ള മനുഷ്യരോട് ഏറ്റവും മോശമായ ഭാഷയിൽ സംവദിക്കുന്ന, അത്തരം മനുഷ്യരിൽ മാത്രം കുറ്റവാളികളെ കണ്ടെത്തുന്ന, സ്ത്രീ വിരുദ്ധത പറയുന്ന, ബോഡി ഷെയിമിംഗ് നടത്തുന്ന ഒരു ആക്ഷൻ ഹീറോ ബിജുവിൽ അനേകം പോലീസുകാർ ആകൃഷ്ടനായത് സ്വഭാവികം മാത്രമായിരിക്കും അല്ലേ" -ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ ഒരു പരസ്യത്തിനെതിരെ കേരളാ പോലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി ഒരു വാർത്ത കണ്ടിരുന്നു. ലൂസിഫറിൽ മോഹൻലാലിന്റെ കഥാപാത്രം പൊലീസ് വേഷത്തിലെ കഥാപാത്രത്തിന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന പത്ര പരസ്യത്തിൽ പ്രതിഷേധിച്ചാണ് പരാതി. പരസ്യം സമൂഹത്തിൽ തെറ്റായ സന്ദേശം പടർത്തുന്നെന്നാണ് പരാതിയുടെ ഉള്ളടക്കം.
മുൻപൊക്കെ വലിയ ക്രിമിനലുകളായിരുന്നു പോലീസിനെ ആക്രമിച്ചിരുന്നത് എന്നാൽ ഇപ്പോൾ പോലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ചെറിയ തോതിലെങ്കിലും സാധാരണക്കാരായ യുവാക്കൾക്കും പങ്കുള്ളതായി കാണുവാൻ കഴിയുമെന്നും. ഇതിനു പ്രേരണ ലഭിക്കുന്നതിൽ സിനിമ പോലുള്ള മാധ്യമങ്ങളുടെ പങ്കു ചെറുതല്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രസ്തുത പരസ്യം എന്നുള്ളത് അതിന്റെ ഗൗരവം വർധിപ്പിക്കുന്നു പരാതിയിൽ പറയുന്നു.
സിനിമ മനുഷ്യനെ സ്വാധീനിക്കാൻ ശേഷിയുള്ള ഏറ്റവും ശക്തമായ കലയാണ്, പക്ഷെ അത് നാട്ടുകാരെ മാത്രമല്ല പോലീസ് ഓഫീസർമാരെയും സ്വാധീനിക്കാം. സിനിമ കണ്ട് അതിൽ ആകൃഷ്ടരായി പോലീസിലും പട്ടാളത്തിലും പോകുന്ന ആളുകൾ ധാരാളമുണ്ട് നമ്മുടെ ഇടയിൽ. എന്തിനേറെ സിവിൽ ചില ബ്യൂറോക്രാറ്റുകൾ പോലും ഒരുവേള തങ്ങൾ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്‌സ് ആണെന്ന് പറഞ്ഞു കളയാൻ സാധ്യതയുണ്ട്, ഭരത് ചന്ദ്രൻ ഐപിഎസ് ൻ്റെ കാര്യം ഇനി എടുത്തു പറയേണ്ട കാര്യമില്ലല്ലോ.
പറഞ്ഞു വന്നത് ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പുള്ളിയിൽ ആകൃഷ്ടനായി പോലീസിനെ അക്രമിക്കാൻ സാധ്യത ഉണ്ടെന്ന് പോലീസ് അസോസിയേഷൻ പറയുമ്പോൾ പോലീസ് എപ്പോഴെങ്കിലും ഇങ്ങനെ ആകൃഷ്ടരാകാറുണ്ടോ എന്ന ചോദ്യം സ്വഭാവികമായും വരാം. പണമുള്ളവൻ്റെ മുന്നിൽ വിധേയത്വത്തോടെ നിൽക്കുകയും സാധാരണക്കാരൻ്റെ കുത്തിനു പിടിച്ചു പുലയാടി മോനെ എന്ന് വിളിക്കാനുമുള്ള ട്രെയിനിംഗ് പോലീസ് അക്കാദമിയിൽ നിന്ന് കിട്ടുന്നതണോ അതോ ഏതെങ്കിലും സിനിമയിൽ നിന്ന് കടമെടുത്തതാണോ എന്നൊരു ചോദ്യം വരാം.
ആളുമാറി അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ടവന്ന യുവാവിനെ ഇടിച്ചു കൊല്ലാനുള്ള ധൈര്യം ഏതു സിനിമയിൽ നിന്നാണ് കിട്ടുന്നത് എന്ന് സംശയം വരാം ! പാതിരായ്ക്ക് മെട്രോ നഗരത്തിൽ പോലും ട്രാൻജെൻ്റഡ് വിഭാഗത്തോട് അപമര്യാദയായി പെരുമാറാനുള്ള എത്ര സിനിമ കണ്ടു പ്രാക്ടീസ് ചെയ്തെടുത്താണോ എന്നൊരു സംശയം വരാൻ സാധ്യത ഉണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ രണ്ടു വിദ്യാർത്ഥിനികളെ കോളേജിൽ നടന്ന ഒരു സംഭവത്തിൻ്റെ പേരിൽ വന്ന പരാതിയിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി വനിതാ പോലീസിന്റെ അസാന്നിധ്യത്തിൽ DYSP ചോദ്യം ചെയ്തതും, നീയൊക്കെ ഫെമിനിസം കളിക്കാൻ നടക്കുവാണോ എന്നൊക്കെ ധാർഷ്ട്യത്തോടെ പെരുമാറിയ ഒരു ഓഡിയോ ക്ലിപ്പ് കേട്ടിരുന്നു. അദ്ദേഹം ഏത് സിനിമയിലെ രംഗത്തിൽ ആകൃഷ്ടനായാണ് അങ്ങനെ പെരുമാറിയത് എന്ന് ഈ വാർത്ത കണ്ടപ്പോൾ ഓർത്തു പോയി.
ആക്ഷൻ ഹീറോ ബിജു കണ്ടിട്ട് കോൺസ്റ്റബിൾ മുതൽ ഐ.പി.എസ് ഓഫീസർ വരെ ഫോൺ ചെയ്ത് അഭിനന്ദിച്ചു എന്നൊരു വാർത്ത ആ സിനിമയിലെ പ്രധാനപ്പെട്ട ആളുകളിൽ നിന്ന് കേട്ടിരുന്നു. സ്റ്റേഷനിൽ വരുന്ന താരതമ്യേന സമൂഹത്തിന്റെ താഴേത്തട്ടിലുള്ള മനുഷ്യരോട് ഏറ്റവും മോശമായ ഭാഷയിൽ സംവദിക്കുന്ന, അത്തരം മനുഷ്യരിൽ മാത്രം കുറ്റവാളികളെ കണ്ടെത്തുന്ന, സ്ത്രീ വിരുദ്ധത പറയുന്ന, ബോഡി ഷെയിമിംഗ് നടത്തുന്ന ഒരു ആക്ഷൻ ഹീറോ ബിജുവിൽ അനേകം പോലീസുകാർ ആകൃഷ്ടനായത് സ്വഭാവികം മാത്രമായിരിക്കും അല്ലേ....!