വാഷിംഗ്‌ടൺ: കടലിന് അടിയിലൂടെ എത്തി ആക്രമണം നടത്താൻ കഴിയുന്ന അത്യാധുനിക മുങ്ങിക്കപ്പലുകളെയടക്കം തകർക്കാൻ കഴിയുന്ന എം.എച്.-60ആർ ഹെലികോപ്‌ടറുകൾ ഇന്ത്യക്ക് വിൽക്കാനുള്ള കരാറിന് അമേരിക്ക അനുമതി നൽകി. മേഖലയിൽ ചൈനീസ് മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിലുള്ള ഹെലികോപ്‌ടറുകൾ വാങ്ങാൻ ഇന്ത്യ കഴിഞ്ഞ വർഷം അമേരിക്കയോട് താത്പര്യം അറിയിച്ചത്. ഇതിന് പിന്നാലെ അമേരിക്കൻ പ്രതിരോധ വകുപ്പ് കരാറിന് പച്ചക്കൊടി കാട്ടി. 2.6 ബില്യൻ അമേരിക്കൻ ഡോളർ ചെലവ് വരുന്ന കരാറിന് അനുമതി നൽകാൻ അമേരിക്കൻ കോൺഗ്രസിനോട് പ്രതിരോധ വകുപ്പ് ആവശ്യപ്പെട്ടിട്ടുമുണ്ട്. മുങ്ങിക്കപ്പലുകളെ തകർക്കാൻ കഴിയുന്ന ഹെലികോപ്‌ടറുകൾ സ്വന്തമാക്കണമെന്ന ഇന്ത്യൻ സൈന്യത്തിന്റെ പത്ത് വർഷത്തോളമുള്ള കാത്തിരിപ്പിനാണ് ഒടുവിൽ വിരാമമാകുന്നത്.
പേര് റോമിയോ പക്ഷേ കടലിലെ ഭീകരൻ
റോമിയോ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന എം.എച്.-60ആർ സീഹോക്ക് ഹെലികോപ്‌ടറുകൾ അമേരിക്കൻ കമ്പനിയായ ലോക്ക്ഹീൽഡ് മാർട്ടിനാണ് നിർമിക്കുന്നത്. അന്തർവാഹിനികളും കപ്പലുകളും തകർക്കാൻ കഴിയുന്ന ഹെലികോപ്‌ടർ കടലിലെ രക്ഷാപ്രവർത്തന, തിരച്ചിൽ ദൗത്യത്തിനും ഫലപ്രദമായി ഉപയോഗിക്കാം.
ഇപ്പോൾ ഇന്ത്യയുടെ കൈവശമുള്ള ഏറെ പഴക്കം ചെന്ന ബ്രിട്ടീഷ് നിർമിത സീകിംഗ് ഹെലികോപ്ടറുകൾക്ക് പകരമായി സീഹോക്ക് ഹെലികോപ്ടറുകൾ എത്തുന്നത് സേനയ്ക്കു കരുത്തു പകരും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഈ ഇടപാട് സഹായിക്കുമെന്ന് അമേരിക്കൻ വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ- പസഫിക്, ദക്ഷിണേഷ്യൻ മേഖലകളിലെ രാഷ്ട്രീയ സുസ്ഥിരതയ്ക്കും സമാധാനത്തിനും ഇടപാട് ഗുണകരമാകുമെന്നും അമേരിക്ക വ്യക്തമാക്കി.
ചൈനീസ് ഭീഷണിക്ക് മറുമരുന്ന്
ഇന്ത്യൻ സമുദ്ര അതിർത്തിക്ക് സമീപത്തായി അടുത്തിടെ ചൈന നിരവധി നാവിക കേന്ദ്രങ്ങൾ നിർമിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ മുഖ്യശത്രുവായ പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തിൽ ചൈന നിർമിക്കുന്ന നാവിക കേന്ദ്രമാണ് ഇതിൽ പ്രധാനം. ഇതിന് പുറമെ ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയിലും ചൈനീസ് കണ്ണുകൾ പതിഞ്ഞിട്ടുണ്ട്. ഈ ഭീഷണി മറികടക്കാൻ സീഹോക്ക് ഹെലികോപ്‌ടറുകളുടെ വരവോടെ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.