പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന് പുതിയ കുരുക്ക്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 243 കേസുകളിൽ പ്രതിയാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതോടെയാണ് സുരേന്ദ്രന്റെ നാമനിർദ്ദേശ പത്രിക സംബന്ധിച്ച അനിശ്ചിതത്വമുണ്ടായത്. നേരത്തെ സുരേന്ദ്രൻ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുഴുവൻ കേസുകളെപ്പറ്റിയും വ്യക്തമാക്കിയിരുന്നില്ല. ഈ സത്യവാങ്മൂലത്തിനെതിരെ സൂക്ഷ്‌മപരിശോധന സമയത്ത് ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാൽ പത്രിക തള്ളിപ്പോകാൻ തന്നെ അത് ഇടയാക്കുമെന്നാണ് വിവരം. ഇങ്ങനെയൊരു അപകടം നേരിടാൻ പുതിയ പത്രിക നൽകാൻ ഒരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം. പുതിയ കേസുകളുടെ വിവരങ്ങൾ അടങ്ങിയ പത്രികയാകും സമർപ്പിക്കുക.
കഴിഞ്ഞ മാസം മുപ്പതിനാണ് നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയെത്തി സുരേന്ദ്രൻ പത്രിക നൽകിയത്. സമൻസായും വാറണ്ടായും തനിക്ക് അറിയിപ്പ് ലഭിച്ച 20 കേസുകളെപ്പറ്റിയാണ് ഇതിൽ സുരേന്ദ്രൻ സൂചിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 29ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സുരേന്ദ്രനെതിരെ 243 കേസുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സുരേന്ദ്രന്റെ പത്രിക തള്ളാനുള്ള സാധ്യതയുണ്ടെന്നാണ് നിയമ വൃത്തങ്ങൾ സൂചന. എന്നാൽ ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് ബി.ജെ.പിയുടെ നീക്കം. കേസുകളെ സംബന്ധിച്ച് മുഴുവൻ വിവരങ്ങളും അടങ്ങിയ പുതിയ സത്യവാങ്മൂലം നാളെത്തന്നെ സമർപ്പിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ നാമനിർദ്ദേശപത്രികയിൽ കൂട്ടിച്ചേർക്കാനും കഴിയും.
അതേസമയം, സംസ്ഥാന സർക്കാരിന്റേത് പ്രതികാര നടപടിയാണെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ സുരേന്ദ്രനെതിരെ നിരവധി കള്ളക്കേസുകൾ എടുത്തു. തിരുവനന്തപുരത്തും കാസർഗോഡുമൊക്കെ ഒരു സമയം കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ഇക്കാര്യം പ്രചാരണത്തിലും ഉപയോഗിക്കാനാണ് ബി.ജെ.പിയുടെ നീക്കം.