കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി മത്സരിക്കുന്നത് സംബന്ധിച്ച് മുസ്ലീംലീഗിന്റെ പച്ച പതാക ഒഴിവാക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തുവെന്ന സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് രംഗത്ത്.
"രാഹുലിന്റെ പ്രചാരണ പരിപാടികളിൽ മുസ്ലിം ലീഗിന്റെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തിൽ തന്റെ പേരിലും ചില വാർത്തകൾ കണ്ടതായി മജീദ് പറയുന്നു. നമ്മുടെ നേതാക്കൾ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും മറ്റു ഉന്നത സ്ഥാനങ്ങൾ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയർത്തിയതും ഈ പച്ച പതാക തന്നെ...പ്രിയ സോദരരെ, വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കൂ".-ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വയനാട് ലോക്‌സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ വരവോടെ വ്യാജ പ്രചരണങ്ങളും വന്ന് കൊണ്ടിരിക്കുന്നു.
ശ്രീ.രാഹുലിന്റെ പ്രചരണ പരിപാടികളിൽ മുസ്‌ലിം ലീഗ് പാർട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തിൽ എന്റെ പേരിലും ചില വാർത്തകൾ കാണുന്നു.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരിച്ചത് മുതൽ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂർവമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കൾ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും മറ്റു ഉന്നത സ്ഥാനങ്ങൾ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയർത്തിയതും ഈ പച്ച പതാക തന്നെ...
പ്രിയ സോദരരെ,
വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കൂ...