കൽപ്പറ്റ: യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന വയനാടൻ പോരിനെ നേരിടാൻ തൃശൂർ വിട്ട് എത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ഉത്സവമേളങ്ങളുടെ അകമ്പടിയോടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൻ.ഡി.എ സംസ്ഥാന നേതാക്കൾക്കൊപ്പം കൽപ്പറ്റ എൽ.ഐ.സി ഓഫീസ് പരിസരത്തു നിന്ന് ആഘോഷവും ആർപ്പുവിളിയുമായി പ്രവർത്തകർ തുഷാറിനെ ജില്ലാ കളക്ടറേറ്റിലേക്ക് അനുഗമിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള അടക്കമുള്ള മുതിർന്ന നേതാക്കളും തുഷാറിനൊപ്പമുണ്ടായിരുന്നു. വയനാട്ടിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നാളെയാണ് പത്രിക സമർപ്പിക്കുന്നത്.
വയനാട്ടിൽ താനും രാഹുലും തമ്മിലാണ് മത്സരമെന്ന് തുഷാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമേതിയിൽ നിന്ന് ജനങ്ങൾ രാഹുലിനെ നിഷ്കാസിതനാക്കിയിരിക്കുകയാണ്. പരാജയഭീതി മൂലമാണ് ന്യൂനപക്ഷ വോട്ടിൽ കണ്ണുനട്ട് രാഹുൽ ഇവിടെയെത്തുന്നത്. അമേതിയിൽ ഒന്നും ചെയ്യാത്ത രാഹുൽ ഇവിടെ എന്തങ്കിലും ചെയ്യുമെന്ന് പറയുന്നതു തന്നെ മൗഢ്യമാണ്. ലോകത്തിനു മാതൃകയായ നരേന്ദ്രമോദിയുടെ കരങ്ങൾക്ക് ശക്തി പകരാൻ വയനാട്ടിലെ ജനങ്ങൾ തന്നെ തിരഞ്ഞെടുക്കുക തന്നെ ചെയ്യുമെന്നും അദേഹം പറഞ്ഞു. രാത്രിയാത്രാ നിരോധനം, ബദൽ പാത, റെയിൽവേ, എയിംസ്, കർഷക- ആദിവാസി- ന്യൂനപക്ഷ പാക്കേജുകൾ തുടങ്ങി വയനാടിന്റെ മുഖച്ഛായ മാറ്റുന്ന പലതും ആസ്പിരേഷൻ ജില്ലാ പദ്ധതിയിലൂടെ നടപ്പാക്കാനാകുമെന്നും നിറഞ്ഞ കരഘോഷത്തിനിടെ തുഷാർ പറഞ്ഞു.
രാഹുലും പ്രിയങ്കയും ഇന്നെത്തും
അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് രാത്രി എട്ട് മണിക്ക് കോഴിക്കോട്ട് എത്തും. ഒപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. അസമിലെ പ്രചാരണ പരിപാടികൾക്ക് ശേഷം ഗുവാഹത്തിയിൽ നിന്നാണ് രാഹുൽ കോഴിക്കോട്ട് എത്തുന്നത്.
ഹെലികോപ്റ്ററിൽ പ്രതിരോധ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ഇറങ്ങുന്ന രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ ചേർന്ന് സ്വീകരിക്കും. രാത്രി കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസിൽ വിശ്രമിക്കുന്ന രാഹുൽ ഗാന്ധിയും പ്രിയങ്കയും നാളെ രാവിലെ വിക്രം മൈതാനിയിൽ നിന്ന് ഹെലികോപ്റ്ററിൽ കല്പറ്റയിലേക്ക് പോവും. അവിടെ റോഡ് ഷോയിലൂടെ കളക്ടറേറ്റിൽ എത്തി പത്രിക സമർപ്പിക്കും.
റോഡ് ഷോ ചരിത്ര സംഭവമാക്കാൻ ഒരുങ്ങുകയാണ് ഇവിടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. 2 കിലോമീറ്റർ റോഡ് ഷോയ്ക്ക് പഴുതടച്ച സുരക്ഷ ഏർപ്പെടുത്തും. ബാരിക്കേഡ് ഉൾപ്പെടെ റോഡരികിൽ സ്ഥാപിക്കുന്നുണ്ട്. തുടർന്ന് ഒരുമണിയോടെ ഹെലികോപ്റ്ററിൽ കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോവും. രാഹുൽ ഗാന്ധിയോടൊപ്പം കർണ്ണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി ഡി.കെ ശിവകുമാർ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരും ഉണ്ടാവുമെന്നാണ് അറിയുന്നത്. രാഹുൽ ഗാന്ധിയുടെ വരവിന് മുന്നോടിയായി എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, കെ.സി. വേണുഗോപാൽ എന്നിവർ കോഴിക്കോടെത്തി.