ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പിനായി നടൻ ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മേയ് ഒന്നിലേക്ക് മാറ്റി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിക്കുന്ന പ്രമുഖ അഭിഭാഷകൻ ഹാജരാകാൻ സാധിക്കാത്തതിനെത്തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
സുപ്രീംകോടതി വിധി വരുന്നത് വരെ കുറ്റം ചുമത്തരുത് എന്ന് ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആയ അഭിഭാഷകന്‍ ഈ ആവശ്യത്തോട് പ്രതികരിച്ചില്ല. ദൃശ്യങ്ങൾക്കൊപ്പം സ്ത്രീ ശബ്ദമുണ്ടെന്നും അത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്റെ വാദം. ശബ്ദത്തിന്റെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കണമെന്നും അതിനായി ദൃശ്യങ്ങൾ വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
അതേസമയം, കേസിലെ എല്ലാ രേഖകളും ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു. ദിലീപിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ ജൂനിയർ രഞ്ജീത റോത്തഗി ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്റെ ആവശ്യമെന്ന് കാണിച്ചാണ് ഹർജി തള്ളിയത്.