kaumudy-news-headlines

1. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. നടപടി, കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 243 കേസുകളില്‍ ഇയാള്‍ പ്രതി ആണ് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ പുതിയ കേസുകളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ പട്ടിക ആവും സുരേന്ദ്രന്‍ സമര്‍പ്പിക്കുക

2. കഴിഞ്ഞ മാസം 30ന് മുഖ്യ വരണാധികാരിക്ക് നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ സുരേന്ദ്രന്‍ നല്‍കിയിരുന്നത് തനിക്ക് എതിരായ 20 കേസുകളെ പറ്റിയുള്ള വിശദീകരണം. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റേത് പ്രതികാര നടപടി എന്ന് ബി.ജെ.പി. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ സുരേന്ദ്രന് എതിരെ നിരവധി കള്ളകേസുകള്‍ എടുത്തിരുന്നു എന്നും ആരോപണം

3. എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍ നടത്തിയ മോശം പരാമര്‍ശത്തില്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസ് നല്‍കിയ പരാതിയില്‍ നടപടി തുടങ്ങി വനിതാ കമ്മിഷന്‍. ലോ ഓഫീസറോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. വിജയ രാഘവന് ജാഗ്രതക്കുറവ് ഉണ്ടായി എന്ന് അധ്യക്ഷ എം.സി ജോസഫൈന്‍. സ്ത്രീകളോട് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണം എന്നും കമ്മിഷന്‍ അധ്യക്ഷ

4. മോശം പരാമര്‍ശത്തില്‍ വിജയരാഘവന്റെ പ്രസ്താവന പരിശോധിക്കും എന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ത്രീകളെ അപമാനിക്കുന്നത് സി.പി.എമ്മിന്റെ രീതിയല്ല. വിവാദത്തെ കുറിച്ച് പൂര്‍ണ്ണമായും തനിക്ക് അറിയില്ല. പപ്പു പ്രയോഗത്തിലും സംസ്ഥാനത്തിന് യെച്ചൂരിയുടെ താക്കീത്. വ്യക്തികളെ അപമാനിക്കുന്നത് സി.പി.എമ്മിന്റെ ശൈലി അല്ല. പപ്പു പ്രയോഗം ആദ്യം ആരംഭിച്ചത് ബി.ജെ.പി എന്നും കൂട്ടിച്ചേര്‍ക്കല്‍. അതിനിടെ, രമ്യ ഹരിദാസ് നല്‍കിയ പരാതിയില്‍ അന്വേഷണം തിരൂര്‍ ഡിവൈ.എസ്.പിക്ക്. രണ്ട് ദിവസത്തിന് അകം സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവൈ.എസ്.പി ബിജു ഭാസ്‌കറിന് നിര്‍ദ്ദേശം നല്‍കി മലപ്പുറം എസ്.പി യതീഷ് കുമാര്‍

5. വിവാദ പരാമര്‍ശം നടന്നത് മലപ്പുറത്ത് ആയതിനാല്‍ മലപ്പുറം പൊലീസ് മേധാവിക്ക് ചൊവ്വാഴ്ച തന്നെ പരാതി കൈമാറി ഇരുന്നു. ഇതേ പരാതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്കും കൈമാറി. ഈ സാഹചര്യത്തില്‍ കേസിന്റെ മേല്‍നോട്ടം തൃശൂര്‍ റേഞ്ച് ഐ.ജിയെ ഏല്‍പ്പിച്ചിട്ടുണ്ട്. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്ന പി.വി അന്‍വറിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ ആയിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം

6. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീം കോടതിയിലെ ഹര്‍ജി തീര്‍പ്പാക്കും വരെ കുറ്റം ചുമത്തരുത് എന്ന ദിലീപിന്റെ ആവശ്യം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. കേസ് അടുത്തമാസം ഒന്നിലേക്ക് മാറ്റി. ഇതോടെ വിചാരണ നടപടികള്‍ കൂടുതല്‍ വൈകും. നടി ആക്രമണത്തിന് ഇരയായ കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചിരുന്നു.

7. കോടതി പ്രധാനമായും പരിശോധിക്കുന്നത്, മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടി മുതലാണോ എന്നാത്. മെമ്മറി കാര്‍ഡ് രേഖയാണെന്നും പ്രതി എന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹത ഉണ്ടെന്നുമാണ് ദിലീപിന്റെ വാദം. ആക്രമണ ദൃശ്യങ്ങള്‍ നടന്റെ കൈയില്‍ എത്തിയാല്‍ നടിക്ക് കോടതിയില്‍ സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തെന്ന വാദം അടിസ്ഥാന രഹിതം എന്നും സംസ്ഥാന സര്‍ക്കാര്‍

8. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. നാളെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം. രാഹുലുമായി മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും . കല്‍പ്പറ്റയില്‍ കൂറ്റന്‍ റോഡ് ഷോ നടത്തിയാവും രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശക്തി പകരുക. മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കല്‍പ്പറ്റയില്‍ ഇന്ന് യു.ഡി.എഫ് നേതൃയോഗവും ചേരുന്നുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് പത്രിക സമര്‍പ്പിക്കും

9. ഇന്ന് രാത്രി 8 മണിയോടെ കോഴിക്കോട്ട് എത്തുന്ന രാഹുല്‍ ഗാന്ധിയെ പ്രിയങ്കാ ഗാന്ധിയും അനുഗമിക്കുന്നുണ്ട്. നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി രാവിലെ് 10 മണിയോടെ നേതാക്കളുടെ ഹെലികോപ്റ്റര്‍ വയനാട്ടില്‍ ഇറങ്ങും. കല്‍പ്പറ്റയിലെ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടിലെ ഹെലിപ്പാടിലും കലക്രേ്ടറ്റിലും എസ്.പി.ജി സംഘം സുരക്ഷാ പരിശോധനകള്‍ നടത്തി. പത്രിക സമര്‍പ്പണവും കല്‍പ്പറ്റയിലെ റോഡ് ഷോ യും കഴിഞ്ഞ് രാഹുല്‍ മണ്ഡലത്തിലെ തിരഞ്ഞെടുത്ത നേതാക്കളുമായി സംവദിക്കും

10. മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി വയനാട്ടിലെത്തിയ മുകുള്‍ വാസ്നിക് , ഉമ്മന്‍ ചാണ്ടി , കെ.സി വേണുഗോപാല്‍ , രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ മണ്ഡലത്തിലെ നേതാക്കളുടെ യോഗം ഇന്ന് ഡി.സി.സി യില്‍ ചേരും. വയനാട്ടില്‍ ഇതിനകം പ്രചാരണ രംഗത്ത് ഏറെ മുന്നേറിയ ഇടത് സ്ഥാനാര്‍ത്ഥി പി.പി സുനീര്‍ ഇന്ന് നിലമ്പൂരിലാണ് പര്യടനം നടത്തുക

11. ബ്രക്സിറ്റ് തീയതി നീട്ടാന്‍ യൂറോപ്യന്‍ യൂണിയനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അഭ്യര്‍ത്ഥിക്കും. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിനുമായി ചര്‍ച്ച നടത്തും. മേയുടെ പ്രസ്താവന, ഏഴ് മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തിന് ശേഷം. നിലവില്‍ ഏപ്രില്‍ 12ന് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന് വിടണം. സമയം നീട്ടാനുള്ള നീക്കം, പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പും പരാജയപ്പെട്ടതോടെ.