money

ന്യൂഡൽഹി: ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രാചാരണ വാഹനത്തിൽ നിന്ന് ആദായ നികുതി ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തതായി ആരോപിച്ച് കോൺഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി അരുണാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനിരിക്കെയാണ് ആരോപണം. വോട്ടിനായി ബി.ജെ.പി പണം ഇറക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.

ചൊവ്വാഴ്ച രാത്രി അരുണാചൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ നിന്ന് ഒരു കോടി 80 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് കോൺഗ്രസ് വോട്ടിന് കാശ് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ തപീർ ഗാവു എന്നിവരടങ്ങുന്ന വാഹന വ്യൂഹത്തിൽ നിന്നാണ് പണം പിടിച്ചെടുത്തത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. അഞ്ച് വാഹനങ്ങളിലാണ് തിരച്ചിൽ നടത്തിയത്.

മോദിയുടെ റാലിയിൽ വിതരണം ചെയ്യാനായി എത്തിച്ചതാണ് പണമെന്നാണ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ തപീർ ഗാവു മുമ്പും പണവുമായി പിടിക്കപ്പെട്ടതാണെന്നും സുർജേവാല പറഞ്ഞു. മണിപ്പൂർ തിരഞ്ഞെടുപ്പ് വേളയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ഗുവഹാട്ടി വിമാനത്താവളത്തിൽ തടഞ്ഞ് പരിശോധിച്ചപ്പോൾ വൻതുക കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ചൗക്കീദാർ കള്ളനാണെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് സുർജേവാല പറഞ്ഞു.