തിരുവനന്തപുരം: പൃഥ്വിരാജിന്റെ പുതിയ ചിത്രം ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം പൊലീസ് വേഷത്തിലെ കഥാപാത്രത്തിന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന പോസ്റ്ററിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. കൂടാതെ പൊലീസ് കുടുംബങ്ങൾ ചിത്രം ബഹിഷ്ക്കരിക്കുമെന്നും പ്രഖ്യാപനമുണ്ട്. സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണുയരുന്നത്. തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവർത്തകർ പൊലീസുകാരെ വളഞ്ഞിട്ട് തല്ലിയപ്പോൾ ശരിയായ സന്ദേശമാണോ നൽകിയതെന്ന് സോഷ്യൽ മീഡിയ ട്രോളുകളുടെ രൂപത്തിൽ ചോദിക്കുന്നു. അന്ന് പ്രതികരിക്കാതെ ഇപ്പോൾ ഒരു സിനിമയുടെ പേരിൽ പരാതിയുമായി പൊലീസ് അസോസിയേഷൻ രംഗത്തെത്തിയത് ഇരട്ടത്താപ്പാണെന്നും ആരോപണം ഉയരുന്നുണ്ട്.
അതേസമയം, സംഭവത്തിൽ സേനയിൽ നിന്നു തന്നെ വിരുദ്ധാഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിസ്ഥാനത്ത് വന്ന കേസുകളിൽ പൊലീസിനൊപ്പം നിൽക്കാതെ ഭരണകക്ഷിയിലെ നേതാക്കളെ രക്ഷപ്പെടുത്തുന്നതിനുള്ള സമീപനമാണ് അസോസിയേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന ആരോപണമാണ് ഉയരുന്നത്. തലസ്ഥാനത്ത് രണ്ടു സംഭവങ്ങളിലായി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രതികളായ കേസുകളിൽ പൊലീസ് അസോസിയേഷൻ മൌനം പാലിച്ചത് സേനയ്ക്കുള്ളിൽ അമർഷത്തിന് ഇടയാക്കിയിരുന്നു.
കഴിഞ്ഞ ഡിസംബർ 12നാണ് എസ്.എഫ്.ഐ പ്രവർത്തകർ നടുറോഡിൽ പൊലീസുകാരെ വളഞ്ഞിട്ട് തല്ലിയത്. സിഗ്‌നൽ തെറ്റിച്ച് വന്ന ബൈക്ക് തടഞ്ഞുനിർത്തിയതിനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എസ്.എഫ്.ഐക്കാർ ആക്രമിച്ചത്. മൂന്നു പൊലീസുകാർക്ക് അന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി നാലുപേരെ പിടികൂടിയെങ്കിലും എസ്.എഫ്.ഐ പ്രവർത്തകരും നേതാക്കളും കൂട്ടമായി എത്തി ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോകുകയായിരുന്നു.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യപ്രതിയും എസ്എഫ്‌ഐ ജില്ലാനേതാവുമായ നസീം ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഈ സംഭവത്തിൽ പ്രതികരിക്കാനോ പരാതി നൽകാനോ പൊലീസ് അസോസിയേഷനും തയ്യാറായില്ല. പിന്നീട് മർദ്ദനമേറ്റ പൊലീസുകാരന്റെ കുടുംബം പരാതി നൽകിയെങ്കിലും അസോസിയേഷൻ ഇടപെട്ട് അത് പൂഴ്ത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്. സി.പി.എം നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് കേസ് ഒതുക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ഒടുവിൽ ജനുവരി 30നാണ് നസീം കീഴടങ്ങിയത്. പൊലീസിനെ നടുറോഡിൽ ആക്രമിക്കുന്ന സംഭവമുണ്ടായിട്ടും മിണ്ടാതിരുന്ന പൊലീസ് അസോസിയേഷൻ പ്രവർത്തകർ സിനിമയിലെ ഒരു രംഗത്തിന്റെ പേരിൽ രംഗത്തെത്തിയത് ഇരട്ടത്താപ്പാണെന്നാണ് സേനയിലെ ഒരു വിഭാഗം പറയുന്നു.
ലൂസിഫറിലെ മോഹൻലാൽ കഥാപാത്രം പൊലീസ് വേഷത്തിലെ കഥാപാത്രത്തിന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന പത്രപരസ്യത്തിൽ പ്രതിഷേധിച്ചാണ് പരാതി. പരസ്യം സമൂഹത്തിൽ തെറ്റായ സന്ദേശം പടർത്തുന്നെന്നും പറഞ്ഞാണ് പരാതി. കൂടാതെ ഇത്തരം പരസ്യങ്ങൾ ആവർത്തിക്കാതെ ഇരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും, സെൻസർ ബോർഡിനും പരാതി നൽകി. പോലീസ് കുടുംബങ്ങൾ ചിത്രം ബഹിഷ്‌ക്കരിക്കും എന്ന താക്കീതുമുണ്ട്.