ജീവിതത്തിൽ ഒട്ടേറെ കഷ്ടപ്പാടുകൾ അനുഭവിച്ച രഘു എന്ന തൊഴിലാളി തന്റെ കുടുംബം പുലർത്താൻ എല്ലുമുറിയെ പണിയെടുക്കും. അധികം വിദ്യാഭ്യാസമില്ലാതിരുന്നിനാൽ ചുമടെടുപ്പായിരുന്നു പ്രധാനജോലി. 70 കിലോ ഭാരമുള്ള അരിച്ചാക്കുകൾ പോലും ചുമക്കുന്നതിന് രഘുവിന് പ്രയാസമുണ്ടായിരുന്നില്ല. പക്ഷേ ഇടയ്ക്കിടെ തലവേദന, കഴുത്തുവേദന, കാലുവേദന, നെഞ്ചുവേദന എന്നിങ്ങനെ പലതരം വേദനകൾ അയാളെ ശല്യപ്പെടുത്തി. ഇതൊക്കെ നിസാരമാണെന്ന് കരുതി ചികിത്സ നടത്തിയില്ല. ഒരു ദിവസം അയാൾക്ക് നടുവേദന കൂടുതലായി നിവർന്നുനിൽക്കാൻ കഴിയാതെ വന്നു. കഠിനവേദനയിൽ നിന്നു രക്ഷനേടാൻ ബന്ധുക്കൾ അയാളെ സ്‌ട്രെക്ച്ചറിലെടുത്ത് ആംബുലൻസിൽ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്. വേദന ഒരു അസ്വസ്ഥതയായി കടന്നുവരുമെങ്കിലും ചിലപ്പോൾ കൂടുതൽ കഠിനമാവുകയാണെങ്കിൽ വേദന മനുഷ്യജീവിതത്തിനെ യാതനാപൂർണമാക്കും. പലതരത്തിലുള്ള വേദനകളെ നിസാരമായി കരുതി അവഗണിക്കരുത്. വേദനയുടെ ഗൗരവം മനസിലാക്കി ഉടനെ ചികിത്സ തുടങ്ങിയാൽ പലപ്പോഴും രോഗങ്ങൾ തുടക്കത്തിൽ തന്നെ മാറ്റാനോ വേദന കുറയ്ക്കാനോ കഴിഞ്ഞുവെന്നുവരും. ശ്രദ്ധിക്കേണ്ടതായ വേദനകളെക്കുറിച്ചും നമുക്ക് മനസിലാക്കാം.
തലവേദന
വളരെ സാധാരണമാണ് തലവേദന. ജലദോഷത്തോടൊപ്പം കടുത്ത തലവേദന ഉണ്ടായാൽ അത് 'സൈനസൈറ്റിസ്'എന്ന അസുഖം കൊണ്ടാവാം. എങ്കിലും തലവേദന നിസാരമായി കരുതരുത്. തലച്ചോറിലെ ട്യൂമർ, രക്തസ്രാവം എന്നിവകൊണ്ട് കഠിനമായ തലവേദന ഉണ്ടാകാം. ഏറ്റവും സഹിക്കാനാവാത്ത തലവേദന എന്നു രോഗി പറയുകയാണെങ്കിൽ അത് തലച്ചോറിലെ രക്തക്കുഴലുകൾ വീർക്കുന്നു. 'അന്യൂറിസം'എന്ന അസുഖം കൊണ്ടാവാം. ഈ അസുഖം ഒരു മെഡിക്കൽ എമർജൻസിയാണെന്നും ഉടനെതന്നെ ചികിത്സ വേണമെന്നും ഓർക്കുക.
നെഞ്ചുവേദന
എല്ലായ്‌പ്പോഴും നെഞ്ചുവേദന ഹൃദ്രോഗം കൊണ്ടാവണമെന്നില്ല. നെഞ്ചുവേദനയ്ക്ക് പല കാരണങ്ങളുണ്ടാവും. ഹൃദയസംബന്ധമായ രോഗങ്ങളും ശ്വാസകോശ രോഗമായ ന്യുമോണിയയും നെഞ്ചുവേദന ഉണ്ടാക്കാം. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ഹൃദയസ്തംഭനം ഉണ്ടാവാൻ തുടങ്ങുകയും ചെയ്യുമ്പോൾ രോഗി പലപ്പോഴും നെഞ്ചു വേദന എന്നല്ല ' നെഞ്ചിൽ ഒരുതരം അസ്വസ്ഥത'അല്ലെങ്കിൽ 'നെഞ്ചിൽ ഭാരം വച്ചതുപോലെ'എന്നൊക്കെയായിരിക്കും പറയുക.
നെഞ്ചിൽ നിന്ന് കഴുത്ത്, കീഴ്ത്താടിയെല്ല്, തോൾ,വലതുകൈ, വയർ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്ന അസ്വസ്ഥതയോ സമ്മർദ്ദമോ വേദനയോ വളരെ ഗൗരവമായി എടുക്കേണ്ട ലക്ഷണങ്ങളാണ്. പലപ്പോഴും നെഞ്ചെരിച്ചിലാണ് എന്നോ അസിഡിറ്റി കൊണ്ടാണ് എന്നോ വിചാരിച്ച് അവഗണിക്കുന്ന രോഗിക്ക് പരിശോധനയിൽ ഹൃദയസ്തംഭനമായിരുന്നു അത് എന്ന് തെളിഞ്ഞിട്ടുണ്ട്. ഇടയ്ക്കിടെ നെഞ്ചിന് അസ്വസ്ഥത വരികയാണെങ്കിൽ ശ്രദ്ധിക്കണം. അതായത് പെട്ടെന്നുള്ള അമിത സന്തോഷം, ദുഃഖം, വൈകാരിക സംഘർഷം അല്ലെങ്കിൽ ശാരീരികാദ്ധ്വാനം എന്നിവയോടനുബന്ധിച്ച് ഉണ്ടാകുന്ന നെഞ്ചുവേദന ഗൗരവമായെടുക്കണം. ഉദാഹരണമായി പൂന്തോട്ടത്തിൽ പണിയെടുക്കുമ്പോൾ ഉണ്ടാവുകയും അല്പം വിശ്രമിച്ചാൽ കുറയുകയും ചെയ്യുന്ന നെഞ്ചുവേദനയും തണുപ്പുള്ള കാലാവസ്ഥയിൽ കൂടുതലാവുന്ന നെഞ്ചുവേദനയും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്ന 'അഞ്ചൈന' എന്ന രോഗത്തിന്റെ ലക്ഷണമാവാം. അത് ക്രമേണ ഹൃദയസ്തംഭനത്തിലേക്ക് നയിക്കാൻ ഇടയുണ്ട്. പുരുഷന്മാർക്ക് ഏതു പ്രായത്തിലും ഹൃദയസ്തംഭനം വരാം. പക്ഷേ ആർത്തവമുണ്ടാവുന്ന സ്ത്രീകൾക്ക് പൊതുവേ ഹൃദയസ്തംഭനം വരാൻ സാദ്ധ്യത കുറവാണ്. കാരണം അവരുടെ ശരീരത്തിലെ ഈസ്ട്രജൻ എന്ന ഹോർമോൺ ഹൃദയസ്തംഭനം ഉണ്ടാവാതെ സംരക്ഷിക്കുന്നു. പക്ഷേ ആർത്തവവിരാമത്തിനുശേഷം ഈസ്ട്രജൻ കുറയുന്നതുകൊണ്ട് ആർത്തവ വിരാമം വന്ന സ്ത്രീകൾക്ക് ഹൃദയസ്തംഭനത്തിനുള്ള സാദ്ധ്യത പുരുഷന്മാരുടേതിനു തുല്യമാവുന്നു. ഹൃദയസ്തംഭനം കൊണ്ടുണ്ടാവുന്ന നെഞ്ചുവേദന ചിലപ്പോൾ നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, വയറ്റിൽ വായു നിറയുക, അത്യധികമായ ക്ഷീണം എന്നിങ്ങനെ പല രൂപത്തിൽ പ്രത്യക്ഷപ്പെടാം എന്ന കാര്യം ശ്രദ്ധിക്കണം.
പുറം വേദന
പുറത്തും തോളെല്ലുകൾക്കിടയിലും ഉണ്ടാവുന്ന വേദന ശ്രദ്ധിക്കേണ്ടതാണ്. വാതസംബന്ധമായോ ഹൃദയസ്തംഭനം കൊണ്ടോ വയറ്റിലെ രോഗങ്ങൾ കൊണ്ടോ ഇത്തരം വേദനയുണ്ടാവാം. ഏറ്റവും അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോട്ടയിൽ ഉണ്ടാവുന്ന അയോർട്ടിക് ഡിസക്ഷൻ. ഇതുണ്ടാവുമ്പോൾ കഠിനമായ പുറംവേദനയുണ്ടാവും. പുകവലിക്കാർ, ബി.പി കൂടുതലുള്ള രോഗികൾ (രക്താതിസമ്മർദ്ദം) പ്രമേഹരോഗികൾ, രക്തപ്രവാഹത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ള രോഗികൾ എന്നിവർക്കെല്ലാം അയോർട്ടിക് ഡിസക്ഷൻ ഉണ്ടാവാൻ സാദ്ധ്യത കൂടുന്നു.
വയറുവേദന
ശക്തിയേറിയ വയറുവേദനയുണ്ടെങ്കിൽ കാരണങ്ങൾ പലതാണ്. പഴുത്തുപൊട്ടിയ അപ്പൻഡിക്സ് (ചികിത്സിക്കാതെ കൂടുതലായാൽ ചിലപ്പോൾ വയറ്റിനുള്ളിൽ അപ്പൻഡിക്സ് പൊട്ടുന്നു) പാൻക്രിയാസിന്റെയോ പിത്തസഞ്ചിയുടെയോ രോഗങ്ങൾ, ആമാശയത്തിലെയും ചെറുകുടലിലെയും പുണ്ണുകൾ കുടലിലെ തടസം എന്നിവയെല്ലാം കടുത്ത വയറുവേദന ഉണ്ടാക്കാം.
കാൽവേദന
കാലിലെ മാംസപേശികളിൽ നീരും വേദനയുമുണ്ടെങ്കിൽ അത് അപകട സൂചനയായി കണക്കാക്കണം. ഈ അസുഖത്തിനു കാരണം കാലിലെ അശുദ്ധ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതാണ്. ഈ അവസ്ഥയിൽ ചിലപ്പോൾ രക്തക്കുഴലിൽ നിന്ന് ഒരു കഷ്ണം രക്തക്കട്ട ഇളകിമാറുകയും രക്തപ്രവാഹത്തിലൂടെ ഒഴുകി ശ്വാസകോശത്തിലെ രക്തക്കുഴലുകളിലെത്തുകയും അവിടെ തടസമുണ്ടാക്കുകയും ചെയ്യാനിടയുണ്ട്. തത്ഫലമായി മാരകമായ ഒരു അവസ്ഥ ഉണ്ടാവാനിടയുണ്ട്. ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹത്തിൽ വരുന്ന തടസം കൊണ്ട് രോഗി മരിക്കാനും സാദ്ധ്യതയുണ്ട്. പൊണ്ണത്തടിയുള്ളവർ, കാൻസർ രോഗികൾ, അധികനേരം കാലനക്കാതെയിരുന്നുകൊണ്ട് ദൂരയാത്ര ചെയ്യുന്നവർ, എല്ലുപൊട്ടിയതുകൊണ്ടോ മറ്രെന്തെങ്കിലും രോഗം കൊണ്ടോ ദീർഘകാലം കിടക്കയിൽ കിടക്കേണ്ടിവരുന്ന രോഗികൾ എന്നിവർക്കെല്ലാം Deep vain thrombosis വരാൻ സാദ്ധ്യതയുണ്ട് എന്ന കാര്യം മറക്കാതിരിക്കുക.
കാലുകളിലും കാൽപ്പാദങ്ങളിലും പുകച്ചിലും വേദനയും
പ്രമേഹരോഗികൾക്ക് നാഡീവ്യവസ്ഥയെ രോഗം ബാധിക്കുമ്പോൾ പ്രമേഹത്തിന്റെ അനന്തരഫലങ്ങളിലൊന്നായ പെരിഫെറൽ ന്യൂറോപ്പതി ഉണ്ടാവുന്നു. തന്മൂലം കാലുകളിലും കാല്പാദങ്ങളിലും എരിച്ചിലും പുകച്ചിലും തരിപ്പും വേദനയും ഉണ്ടാവാറുണ്ട്.
വിവരിക്കാനാവാത്ത വേദനകൾ
തലവേദന, വയറുവേദന, കൈകാലുകളിൽ വേദന തുടങ്ങിയ വിഷാദരോഗത്തിന്റെ ലക്ഷണമായി കാണാറുണ്ട്. ഇവയുടെ അടിസ്ഥാന കാരണം കണ്ടുപിടിച്ച് വിഷാദരോഗമുണ്ടെങ്കിൽ ഉടനെ ചികിത്സിക്കണം. മേല്പറഞ്ഞ വേദനകളെല്ലാം തന്നെ നിസാരമെന്നു കരുതി അവഗണിക്കാതെ ഒരു ഡോക്ടറെ കണ്ട് ചികിത്സ ചെയ്യുന്നത് നല്ലതാണ്.
ദീർഘകാല വേദനകൾ കുറക്കാനുള്ള മാർഗങ്ങൾ
വേദനകൾ പലതരത്തിലുണ്ട്. ദീർഘകാലം നീണ്ടുനിൽക്കുന്ന ചില തരം വേദനകൾ രോഗിയുടെ ജീവിതത്തിനെ യാതനാ പൂർണമാക്കുന്നു. കാൻസർ, നടുവേദന, തലവേദന, വാതരോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ കൊണ്ട് ദീർഘകാലവേദന അനുഭവിക്കുന്നവർ ധാരാളമുണ്ട്. ചിലതരം വേദനകളുടെ അടിസ്ഥാനം മാനസിക പ്രശ്നങ്ങളാവാം. അതുപോലെ ദീർഘകാല വേദനകൊണ്ട് വിഷാദം, ഉത്കണ്ഠ, മാനസികസമ്മർദ്ദം തുടങ്ങിയ മാനസികപ്രശ്നങ്ങൾ ഉണ്ടാവാനുമിടയുണ്ട്.
ദീർഘകാല വേദന കുറയ്ക്കാൻ ചില മാർഗങ്ങൾ നിർദ്ദേശിക്കാം.
1. വേദന ഒരു വെല്ലുവിളിയായെടുക്കുക. മനസ് ശക്തമാക്കി വേദനയെ തോല്പിക്കാൻ ശ്രമിക്കുക. എപ്പോഴും നല്ലതുമാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.
2. ജോലിയിൽ മുഴുകുക. സ്വയം മറന്ന് ജോലിയിൽ ശ്രദ്ധചെലുത്തുമ്പോൾ വേദന അല്പമെങ്കിലും കുറയുന്നതായി കാണപ്പെടുന്നു.
3. മെഡിറ്റേഷൻ വേദന കുറയ്ക്കാൻ സഹായിക്കുന്നു. വേദന മൂലമുണ്ടാവുന്ന മാനസിക സംഘർഷം കുറയ്ക്കാനായി വേദനയിൽ നിന്നും മനസിന്റെ ശ്രദ്ധമാറ്റി ധ്യാനത്തിൽ കേന്ദ്രീകരിക്കുക. ശാന്തമായ ഒരു സ്ഥലത്തിരുന്നു കണ്ണടച്ച് പ്രാർത്ഥിക്കുകയും എന്തെങ്കിലും ശ്ലോകമോ ദൈവനാമങ്ങളോ ഉരുവിടകയും ചെയ്യുക. ഇപ്രകാരം ഇരുപതുമിനിട്ടോളം ദിവസേന രണ്ടുതവണ ചെയ്യുകയാണെങ്കിൽ വേദനയ്ക്ക് ആശ്വാസം കിട്ടും. പ്രാണായാമം, ദീർഘശ്വാസമെടുക്കുന്ന വ്യായാമങ്ങൾ എന്നിവയും ഫലപ്രദമാണ്.
4. ജീവിതത്തിലെ ടെൻഷൻ കുറയ്ക്കുക. നേടാൻ കഴിയുന്ന ലക്ഷ്യങ്ങൾ മാത്രം മുന്നിൽ കണ്ടുകൊണ്ട് സമാധാനപൂർണമായി ജോലി ചെയ്യുക. ഇടയ്ക്കിടെ വിശ്രമിക്കുകയും എഴുന്നേറ്റു നടക്കുകയും ചെയ്യുക. വീട്ടിലെത്തിയാൽ കേൾക്കാനിമ്പമുള്ള ട്യൂണുകളോ പാട്ടുകളോ കേൾക്കുക. മനസ് ശാന്തമാക്കാനായി കണ്ണടച്ചുകൊണ്ട് സുന്ദരമായ ദൃശ്യങ്ങൾ മനസിൽ കാണുക. എപ്പോഴും നല്ല കാര്യങ്ങളെക്കുറിച്ചുമാത്രം സംസാരിക്കുക. വിഷാദം, ദേഷ്യം, അസൂയ, ആകാംക്ഷ, സംശയം എന്നീ വികാരങ്ങൾ ഒഴിവാക്കുക.
5. മദ്യപാനവും പുകവലിയും നിർത്തുക.
6. റിലാക്‌സേഷൻ എക്സർസൈസുകൾ ചെയ്യുക. മാംസപേശികൾ വലിഞ്ഞുമുറുകിയുണ്ടാവുന്ന കഴുത്തുവേദനയും നടുവേദനയും കുറയ്ക്കാൻ ഇത്തരം വ്യായാമങ്ങൾ സഹായിക്കും. അതോടൊപ്പം ശരീരത്തിൽ വ്യായാമം കൊണ്ടുണ്ടാവുന്ന എൻഡോർഫിനുകൾ നമ്മുടെ മാനസികാവസ്ഥ നല്ലതാക്കുകയും വേദനാ തരംഗങ്ങളെ തടയുകയും ചെയ്യുന്നു. മസാജ് ചെയ്യിപ്പിക്കുന്നതും ഫലപ്രദമാണ്.
7. സന്തുലിതവും ആരോഗ്യപ്രദവുമായ ഭക്ഷണം കഴിക്കുക. ശരീരഭാരം കൂടുതലാവാതെ നിയന്ത്രിക്കുക. ഉപ്പും കൊഴുപ്പും പഞ്ചസാരയും കുറയ്ക്കുക. ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിപ്പുകൾ, പാൽക്കട്ടി, പാൽ, തൈര് എന്നിവ ഉൾപ്പെടുത്തുക.
8. വേദനയിൽ നിന്നും മനസിന്റെ ശ്രദ്ധയകറ്റാനായി നിങ്ങൾക്കിഷ്ടമുള്ള എന്തെങ്കിലും ഹോബിയിൽ സമയം ചെലവഴിക്കുക. (ഉദാഹരണമായി സംഗീതം, കരകൗശല വിദ്യ, ചിത്രരചന എന്നിവ)
9. സ്വയം മാനസിക വിശകലനം നടത്തുക. നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളും വേദനയുമായുള്ള ബന്ധം കണ്ടുപിടിച്ചു രേഖപ്പെടുത്തിവയ്ക്കുക. വേദന വർദ്ധിപ്പിക്കുന്ന സാഹചര്യങ്ങളെയും പ്രവർത്തികളെയും ഒഴിവാക്കുക. ഡോക്ടറുമായി ചർച്ചചെയ്ത് വിദഗ്‌ദ്ധോപദേശം തേടുക. ചികിത്സ കൃത്യമായി നടത്തുക.
10. ദീർഘകാല വേദനയനുഭവിക്കുന്ന രോഗികളുടെ ഗ്രൂപ്പുകളിൽ ചേരുക. മറ്റു വ്യക്തികളുമായി ഇടപഴകി പ്രശ്നങ്ങൾ പരസ്പരം പങ്കുവയ്ക്കുമ്പോൾ മനസിന് ആശ്വാസം കിട്ടും. മനഃശാസ്ത്രവിദഗദ്ധന്മാർ നടത്തുന്ന ഗ്രൂപ്പ് കൗൺസിലിംഗിലും സൈക്കോതെറാപ്പിയിലും പങ്കെടുക്കുന്നതും ഫലപ്രദമാണ്.
നിത്യജീവിതത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് കഴുത്തുവേദന. പൊതുവെ കഴുത്തിലെ മാംസപേശികളുടെ ആയാസം കൊണ്ടാണ് ഇതുണ്ടാവുന്നതെങ്കിലും ചിലപ്പോൾ കശേരുക്കൾക്കിടയിലെ ഡിസ്‌ക് തെന്നിമാറുന്നതുപോലെ (രലൃ്ശരമഹ റശെര ുൃീഹമുെല) ഗുരുതരമായ രോഗങ്ങളുടെ മുന്നോടിയുമാവാം. സ്ത്രീകളിൽ കഴുത്തുവേദന കൂടുതൽ കാണാറുണ്ട്. കശേരുക്കളുടെ തേയ്മാനം കൊണ്ടുള്ള കഴുത്തുവേദന, മദ്ധ്യവയസ്‌കരിലും വൃദ്ധജനങ്ങളിലും കൂടുതലായി കാണപ്പെടുന്നു.
കാരണങ്ങൾ
1. തെറ്റായ രീതിയിലുള്ള ഇരിപ്പും കിടത്തവും കഴുത്തിൽ ഭാരമേല്ക്കുന്ന തരത്തിലുള്ള അദ്ധ്വാനം എന്നിവകൊണ്ട് കഴുത്തുവേദന വരാം. കമ്പ്യൂട്ടറിനുമുമ്പിൽ ദീർഘനേരം മുമ്പോട്ടുകുനിഞ്ഞിരുന്നു ജോലി ചെയ്യുക. കസേരയിൽ ചാരിക്കിടന്നുറങ്ങുക, കൈകൊണ്ട് മുഖം താങ്ങി കുറേനേരം അനങ്ങാതെയിരിക്കുക, കഴുത്ത് ചെരിച്ച് മൊബൈൽ ഫോൺ ചുമലിൽ വച്ചുകൊണ്ട് ഫോണിൽ സംസാരിക്കുക, കിടന്നുകൊണ്ട് ടിവി കാണുക, കിടന്നുകൊണ്ട് വായിക്കുക, ഇവയെല്ലാം തന്നെ കഴുത്തുവേദനയ്ക്ക് കാരണമാകാറുണ്ട്. ഉറങ്ങുമ്പോൾ ഉപയോഗിക്കുന്ന തലയിണയ്ക്ക് ഉയരം കൂടിയാലും കുറഞ്ഞാലും കട്ടി കൂടിയാലും കുറഞ്ഞാലും കഴുത്തുവേദനയുണ്ടാകാം. വിശ്രമമില്ലാതെ റോഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ദീർഘനേരം വണ്ടിയോടിക്കുക, ഭാരമുള്ള വസ്തുക്കൾ തലയ്ക്കുമുകളിൽ ചുമന്നുനടക്കുക, കഴുത്ത് കുനിച്ചുകൊണ്ട് ദീർഘനേരം ജോലിചെയ്യുക എന്നിവകൊണ്ട് കഴുത്തുവേദന വരാം.
2. സെർവിക്കൽ സ്‌പോണ്ടിലോസിസ്, ആൻകിലോസിംഗ് സ്‌പോണ്ടിലോസിസ് തുടങ്ങിയ സന്ധിവാതരോഗങ്ങൾ, കശേരുക്കൾക്കിടയിലെ ഡിസ്‌ക് തെറ്റിമാറുക , സുഷുമ്നാനാളം ചുരുങ്ങുന്ന സ്‌പൈൽ സ്റ്റിനോസിസ് എന്നിങ്ങനെയുള്ള നട്ടെല്ലിന്റെ രോഗങ്ങളും ജന്മനാ ഉള്ള വൈകല്യങ്ങളും നട്ടെല്ലിനെ ബാധിക്കുന്ന അർബുദങ്ങളും ട്യൂമറുകളും അണുബാധകൊണ്ടുള്ള രോഗങ്ങൾ, (ഉദാ: ക്ഷയം, മെനിഞ്ചൈറ്റിസ്) എന്നിവയെല്ലാം കഴുത്തുവേദന ഉണ്ടാക്കാറുണ്ട്.
3. അപകടങ്ങൾ : കഴുത്തിന് ആഘാതമേൽക്കുന്ന വീഴ്ച, അടി, വാഹനാപകടങ്ങൾ, കായിക വിനോദങ്ങൾക്കിടയിലെ അപകടങ്ങൾ എന്നിവകൊണ്ട് കഴുത്തിലെ എല്ലുകൾക്കോ മാംസപേശികൾക്കോ ക്ഷതം പറ്റുകയും വേദനയുണ്ടാകുകയും ചെയ്യും.
4. പുകവലി, ലഹരി വസ്തുക്കളുടെ അമിതോപയോഗം.
5. വിഷാദരോഗം, മാനസികസംഘർഷം.
6. അമിതവണ്ണം
7. വ്യായാമക്കുറവ്
ലക്ഷണങ്ങൾ
കഴുത്തിൽ കഠിനമായ വേദന അനുഭവപ്പെടും. കഴുത്തുവേദന തലയുടെ ചുവട്ടിൽ നിന്നു തോളിന്റെ മുകൾഭാഗംവരെ ഏതുഭാഗത്തും ഉണ്ടാവാം. കഴുത്തിൽ ഇടയ്ക്കിടെ മാത്രം ഉണ്ടാവുന്ന വേദന. കഴുത്തുവേദന പുറംഭാഗത്തേക്കും തോളുകളിലേക്കും കൈകളിലേക്കും വ്യാപിക്കുകയോ കഴുത്തിലെ മാംസപേശികൾക്ക് പിടുത്തമോ മുറുക്കമോ അനുഭവപ്പെടുകയോ ചെയ്യുക. തലവേദന ആണെങ്കിൽ തലയും കഴുത്തും ഇളക്കുവാൻ പ്രയാസവും വേദനയും. കൈകളിലും കൈവിരലുകളിലും മരവിപ്പ്, വേദന, തരിപ്പ്, ശേഷിക്കുറവുമുണ്ടാകും.
ഡോക്ടറെ കാണേണ്ടതെപ്പോൾ?
മുകളിൽ വിവരിച്ചതരം വേദനയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്. കശേരുകൾക്കിടയിലെ ഡിസ്‌ക് തെന്നിമാറുന്നതുകൊണ്ടും, ഹൃദയാഘാതംകൊണ്ടും കഴുത്തുവേദന വരാൻ സാധ്യതയുള്ളതിനാൽ അടിയന്തര ചികിത്സ വേണ്ടിവന്നേക്കാം. വിശ്രമവും വേദനാസംഹാരി ഗുളികകളും കൊണ്ട് മാറാതിരിക്കുന്ന കഠിനമായ കഴുത്തുവേദന, തുടർച്ചയായ കഴുത്തുവേദന, അതോടൊപ്പം പനിയോ തലവേദനയോ ഉണ്ടാവുക, കൈകളിൽ തരിപ്പ്, മരവിപ്പ്, ബലക്ഷയം എന്നിവ, താടി നെഞ്ചിൽ മുട്ടിക്കാൻ വിഷമം. (കഴുത്തിലെ പേശികൾക്ക് മുറുക്കംകൊണ്ട്) എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അപകട സൂചനയാണ്. അടിയന്തിര ചികിത്സയ്ക്കായി ഡോക്ടറെ കാണിക്കുക. എല്ലുരോഗവിദഗ്ദ്ധനെ (ഓർത്തോപീഡിക് സർജൻ), ന്യൂറോസർജനോ ആയ ഡോക്ടറെ കാണിക്കുന്നതാണ് ഏറ്റവും നല്ലത്.
പരിശോധനകൾ
ഡോക്ടറോട് വേദനയുടെ ചരിത്രവും സ്വഭാവവും വിശദീകരിക്കുക. കഴുത്തിന് അപകടം പറ്റിയിട്ടുണ്ടോ എന്നതും ജീവിതശൈലിയെക്കുറിച്ചും (ഉദാ. കമ്പ്യൂട്ടർ ജോലി, ചുമടെടുക്കുന്ന ജോലി) കഴുത്തുവേദനയോടൊപ്പം മറ്റെന്തെങ്കിലും അസുഖമുണ്ടോ എന്നതും ഡോക്ടറോട് തുറന്നുപറയുന്നത് രോഗനിർണയത്തിന് ആവശ്യമാണ്. ഡോക്ടർ പരിശോധിച്ചശേഷം രക്തപരിശോധന, കഴുത്തിന്റെ എക്സ് റേ, എം.ആർ.ഐ സ്‌കാൻ, സി.ടി സ്‌കാൻ, മയലോഗ്രാം, ഇ.എം.ജി (ഇലക്ട്രോ മയോഗ്രാഫി ) തുടങ്ങിയ പരിശോധനകൾ നിർദ്ദേശിക്കും. (രോഗത്തിന്റെ സ്വഭാവമനുസരിച്ച്).
ചികിത്സ
രോഗമെന്താണെന്ന് കണ്ടുപിടിച്ചുകഴിഞ്ഞാൽ അതിനനുസരിച്ച് ഡോക്ടർ ചികിത്സ തീരുമാനിക്കുന്നു. വിശ്രമം, വേദന കുറയുകയും മാംസപേശികളുടെ മുറുക്കം കുറയ്ക്കുകയും നീർക്കെട്ട് ഇല്ലാതാക്കുകയും ചെയ്യുന്നു. മരുന്നുകൾ (ഗുളിക, ഇഞ്ചക്ഷൻ, പുരാട്ടനുള്ള ഓയിന്റ്‌മെന്റുകൾ) എന്നിവ നൽകാറുണ്ട്.കഴുത്തുവേദന മാറിയതിനുശേഷം ഫിസിയോ തെറാപ്പി നടത്തുന്നു. സെർവിക്കൽ സ്‌പോണ്ടിലേസിസ് മൂലമുള്ള കഴുത്തുവേദനയ്ക്ക് സെർവിക്കൽ കോളർ (െലൃ്ശരമഹ രീഹഹമൃ), ട്രാക്ഷൻ (േൃമരേശീി) ഇട്ടുകൊണ്ട് കിടക്കുക എന്നിവ ചികിത്സയായി നിർദ്ദേശിക്കാറുണ്ട്.ഡിസ്‌ക് പ്രൊലാപ്സ്,അപകടങ്ങൾ എന്നിവയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരും. ശസ്ത്രക്രിയയ്ക്ക് ശേഷം കഴുത്തുവേദന നന്നായി മാറിയതിനുശേഷം മാത്രം ഡോക്ടറുടെ നിർദ്ദേശപ്രകാരം വ്യായാമങ്ങളും ഫിസിയോതെറാപ്പിയും നടത്താം. വേദന ഉള്ളപ്പോൾ വ്യായാമം ചെയ്യാൻ പാടില്ല. യോഗ, നീന്തൽ, നടത്തം തുടങ്ങിയവകൊണ്ട് കഴുത്തിലെ മാംസപേശികൾക്ക് ശക്തിനൽകാൻ കഴിയും. യോഗ പരിശീലകന്റെ നേതൃത്വത്തിൽ മാത്രം യോഗാഭ്യാസം ചെയ്യുന്നതാണ് നല്ലത്.