kerala-flood

തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള പ്രളയമുണ്ടായതിന് കാരണം അണക്കെട്ടുകൾ ശരിയായ സമയത്ത് തുറക്കാത്തത് മൂലമാണെന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് പുറത്ത് വന്നത് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായി. പ്രളയമുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണം. അണക്കെട്ടുകൾ തുറന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ്.പി.അലക്‌സ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ചെളി അടിഞ്ഞ അണക്കെട്ടുകളിൽ വെള്ളം അധികമായി ഒഴുകിയെത്തിയതോടെ വേഗത്തിൽ നിറഞ്ഞു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഗൗരവത്തിലെടുത്തില്ല. കനത്ത മഴയെ നേരിടാൻ വേണ്ടവിധം തയ്യാറെടുപ്പുകൾ നടത്തിയില്ലെന്നം റിപ്പോർട്ടിൽ പറയുന്നു.

പ്രളയം നേരിടാൻ സംസ്ഥാന സർക്കാർ വൻ പരാജയമാണെന്ന് ആരോപിച്ച് നിരവധി ഹർജികളാണ് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അതേസമയം, ഇതേസംബന്ധിച്ചുള്ള ചോദ്യങ്ങളോട് വൈദ്യുതമന്ത്രി എം.എം.മണി പ്രതികരിക്കാൻ തയ്യാറായില്ല. ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ മന്ത്രി മാദ്ധ്യമപ്രവർത്തകരോട് ക്ഷുഭിതനാവുകയും ചെയ്‌തു. അതിനിടെ,പ്രളയത്തിൽ 450 പേർ മരിക്കാനിടയായ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രളയം സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം.