മനോഹരമാണ് ആനക്കുളത്തേക്കുള്ള യാത്ര. സാഹസികതയും പ്രകൃതി ഭംഗിയും ഒന്നിക്കുന്ന ഒരു യാത്രയാണിത്. സദാസമയവും കാട്ടാനകൾ നീരാട്ടിനിറങ്ങുന്നയിടമാണ് ആനക്കുളം. അവിടെയുള്ള ഓരാണ് ആനക്കുളത്തെ പ്രധാന ദൃശ്യവിരുന്ന്. ഇതുകൂടാതെ ഇടമലക്കുടിയിൽ നിന്നാരംഭിക്കുന്ന ഈറ്റച്ചോലയാറിലെ മീൻകുത്തി വെള്ളച്ചാട്ടവും കോഴിയിള വെള്ളച്ചാട്ടവും മാങ്കുളം പഞ്ചായത്തിലൂടെ ഒഴുകുന്ന മൂന്ന് പുഴകളും ഒന്നായി സംഗമിച്ച് പൂയംകുട്ടിയിലേക്ക് ഒഴുകാനാരംഭിക്കുന്ന വല്യപാറക്കുട്ടിയും സഞ്ചാരികൾക്ക് കൗതുകം പകരുന്ന കാഴ്ചയാണ്.
അടിമാലിയിൽ നിന്നും ഏകദേശം 40 കിലോമിറ്റർ അകലെ മാങ്കുളംപഞ്ചായത്തിലാണ് ആനക്കുളം. രാജമലയുടെ മടിത്തട്ടിൽ നിന്നും ഉത്ഭവിച്ചൊഴുകുന്ന ഈറ്റച്ചോലയാർ കടന്നുപോകുന്നത് ആനക്കുളത്തുകൂടിയാണ്. ആനകൾ ഓരോരോ ഗ്രൂപ്പുകളായി വന്നു ഉപ്പുരസം നിറഞ്ഞ വെള്ളം കുടിച്ചു അൽപ്പനേരം അവിടെ ചിലവഴിച്ചു തിരിച്ചു പോകുന്നു. 'ഓരുവെള്ളം' എന്നാണ് ഇതിനെ നാട്ടുകാർ പറയുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടു അരുവിയുടെ ചില ഭാഗങ്ങളിൽ നിന്നും കുമിളകൾ പുറത്തേക്ക് വരുന്നു.
ഇളംചൂടും ഉപ്പും മധുരവും കലർന്ന രുചിയും ഈ ഭാഗത്തെ വെള്ളത്തിനുണ്ട്. ഇതാണ് ആനകളുടെ പ്രധാന ആകർഷണം. ഓരോ ഗ്രൂപ്പിലും ചെറുതും വലുതുമായി ഏകദേശം പത്തോളം ആനകൾ ഉണ്ട്. ഒരു ഗ്രൂപ്പ് തിരിച്ചു കയറിയതിനു ശേഷമേ അടുത്ത ഗ്രൂപ്പ് വെള്ളത്തിൽ ഇറങ്ങുന്നുള്ളൂ. നിരവധി കുന്നുകളും മലകളും അരുവികളും പിന്നിട്ട് വേണം ഇവിടെയത്താൻ. ചുരുക്കിപ്പറഞ്ഞാൽ ആനക്കുളത്തേക്കുള്ള യാത്ര തീർത്തും നല്ലൊരു അനുഭവമായിരിക്കും പങ്കുവയ്ക്കുക.