കോട്ടയം: ആചാരം സംരക്ഷിക്കുന്നയാൾക്ക് പത്തനംതിട്ടയിൽ വോട്ട് ചെയ്യുമെന്ന് പൂഞ്ഞാർ എം.എൽ.എ പി.സി.ജോർജ്. ശബരിമലയുടെ പവിത്രത ഉറപ്പാക്കുന്ന ആൾ ജയിക്കണം. എന്നാൽ തന്റെ പാർട്ടിയായ ജനപക്ഷം ഈ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയടേയും ഭാഗമാകില്ലെന്നും പി.സി.ജോർജ് വ്യക്തമാക്കി. കോട്ടയം പ്രസ് ക്ളബിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ മണ്ഡലത്തിൽ ആരെ പിന്തുണയ്‌ക്കും എന്ന് പറയും. ശബരിമലയിൽ വിഷയമുണ്ടായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി നാട്ടിൽ ഇല്ലായിരുന്നു. ഇടത് സ്ഥാനാർത്ഥി വനിതാ മതിലിൽ ആയിരുന്നു. കെ.സുരേന്ദ്രൻ ആചാര സംരക്ഷണത്തിന് ജയിലിൽ കിടന്നു. വേണ്ടിവന്നാൽ സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.ഡി.പി.ഐ. തമിഴ്നാട്ടിൽ ബിജെപി മുന്നണിയിലാണ്. തനിക്ക് ഇപ്പോഴും എസ്.ഡി.പി.ഐയുമായി ബന്ധമില്ല. ബി ജെ പി മുന്നണിയുമായി സഹകരിക്കുന്നതിൽ പാർട്ടിയിലെ മുസ്ലിം അംഗങ്ങൾക്ക് എതിർപ്പുണ്ടെന്നും പി.സി.ജോർജ് പറഞ്ഞു.