വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് വിവിധോദ്ദേശ്യ എം.എച്ച്-60 റോമിയോ സീഹോക്ക് വിഭാഗത്തിൽപ്പെട്ട 24 ഹെലികോപ്ടറുകൾ നൽകാൻ അമേരിക്ക തീരുമാനിച്ചു. വിദേശ സൈനിക വ്യാപാരക്കരാറനുസരിച്ചാണ് 14000 കോടിയുടെ (2.4 ബില്യൺ ഡോളർ) ഇടപാടിന് ട്രംപ് ഭരണകൂടം അനുമതി നൽകിയത്. കടലിൽ അന്തർവാഹിനികളെ തകർക്കാൻ കഴിയുന്ന ലോകത്തെ ഏറ്റവും ആധുനിക ഹെലികോപ്ടറുകളാണ് എം.എച്ച്-60 ആർ. പത്തുവർഷത്തിലേറെയായി ഇവ സ്വന്തമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ഇന്ത്യൻ നാവികസേന. വില്പനയ്ക്കുള്ള അനുമതി നൽകിയതായി യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇന്നലെ യു.എസ് കോൺഗ്രസിനെ അറിയിച്ചു.
പുതിയ ഹെലികോപ്ടറുകൾ എത്തുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് അന്തർവാഹിനികളുടെ നീക്കം നിരീക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ നാവികസേന. ബ്രിട്ടീഷ് നിർമിത സീകിംഗ് ഹെലികോപ്ടറുകളാണ് നിലവിൽ സമുദ്രതല സുരക്ഷയൊരുക്കാൻ നാവികസേനയുടെ പക്കലുണ്ടായിരുന്നത്. അന്തർവാഹിനികളെ വേട്ടയാടാനും യുദ്ധക്കപ്പലുകൾക്കു നേരെ ആക്രമണം നടത്താനും കടലിലെ തെരച്ചിൽ, മറ്റ് രക്ഷാപ്രവർത്തനങ്ങൾ എന്നിവ നടത്താനും അനുയോജ്യമാണ് എം.എച്ച്-60 റോമിയോ സീഹോക്ക് ഹെലികോപ്ടറുകളുടെ രൂപകല്പന. ലോക്ഹീഡ് മാർട്ടിൻ കോർപറേഷനാണ് ഇവയുടെ നിർമ്മാണച്ചുതമല. യുദ്ധക്കപ്പലി
അതേസമയം, 123 സീഹോക്ക് കോപ്ടറുകൾ ഇന്ത്യയിൽ നിർമിക്കുമെന്ന വ്യവസ്ഥയിലാണ് ഇടപാടെന്നാണു സൂചന. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും തമ്മിൽ സിംഗപ്പൂരിൽ ചർച്ച നടത്തിയിരുന്നു.
ലോക്ഹീഡ് മാർട്ടിൻ കോർപറേഷൻ
ലോകത്ത് പല രാജ്യങ്ങളുടെയും താത്പര്യങ്ങൾക്ക് അനുസരിച്ച് വ്യോമ, പ്രതിരോധ, സുരക്ഷാ സാങ്കേതികവിദ്യകൾ നിർമ്മിച്ചുനൽകുന്ന അമേരിക്കൻ കമ്പനിയാണ് ലോക്ഹീഡ് മാർട്ടിൻ കോർപറേഷൻ.
അന്ന് സീ കിംഗ്
48 വർഷങ്ങൾക്ക് മുമ്പ് 1971 ജൂലായിലാണ് ആദ്യത്തെ ബ്രിട്ടീഷ് നിർമ്മിത സീ കിംഗ് ഹെലികോപ്ടർ ഇന്ത്യയിലെത്തിയത്. ഇന്ത്യയുടെ ആദ്യ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്തിലാണ് അന്ന് സീകിംഗ് പറന്നിറങ്ങിയത്.