k-surendran

തിരുവനന്തപുരം: പത്തനംതിട്ട മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രനെതിരെ ഇല്ലാത്ത കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്ന് ആരോപിച്ച് യുവമോർച്ച രംഗത്ത്. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിലകൊണ്ടതിന്റെ പേരിൽ കെ.സുരേന്ദ്രനെ 25 ദിവസത്തോളം ജയിലിൽ അടച്ച മാർക്‌സിസ്റ്റ് ക്രൂരത പിന്നെയും തുടരുകയാണന്ന് യുവമോർച്ച അറിയിച്ചു. യുവമോർച്ച സംസ്ഥാന സെക്രട്ടറി ആർ.എസ് രാജീവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

അതേസമയം, കേരളത്തിൽ വിശ്വാസികൾക്കെതിരെയുള്ള സർക്കാർ നടത്തിയ അതിക്രമങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ പേരിൽ 242 കേസുകളാണ് കെ.സുരേന്ദ്രന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. ഒരേസമയം കാസർകോടും തിരുവനന്തപുരത്തും കേസുകൾ. തിരുവനന്തപുരത്ത് ഇല്ലാത്ത ആൾ തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി ആക്രമിച്ചു എന്ന് അവിടത്തെ ഡയറക്ടറെക്കൊണ്ട് പരാതി നൽകി കേസ് എടുക്കുന്നു. ഇതു സർക്കാരിന്റെ അറിവോടെ എന്നത് വ്യക്തം​- ആർ.എസ് രാജീവ് പറഞ്ഞു.

കാസർകോട് നടന്ന കൊലപാതകത്തിൽ ഹർത്താൽ കേരളത്തിൽ നടത്തിയ കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ എത്ര കേസ് ഈ സർക്കാർ എടുത്തു? വിശ്വാസ സംരക്ഷണത്തിന് നിലകൊള്ളുന്നതിന്റ പേരിൽ എന്ത് തന്നെ ഈ സർക്കാർ ചെയ്താലും അതെല്ലാം പുഞ്ചിരിയോടെ ഞങ്ങൾ നേരിടും കാരണം തകരാൻ പോകുന്ന കപ്പലിലെ കാപ്പിത്തത്തിന്റെ അവസാനശ്രമങ്ങൾ ആയിട്ടേ കാണുകയുള്ളു- ആർ.എസ് രാജീവ് വ്യക്തമാക്കി.

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 243 കേസുകളിൽ പ്രതിയാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതോടെയാണ് സുരേന്ദ്രന്റെ നാമനിർദ്ദേശ പത്രിക സംബന്ധിച്ച അനിശ്ചിതത്വമുണ്ടായത്. നേരത്തെ സുരേന്ദ്രൻ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുഴുവൻ കേസുകളെപ്പറ്റിയും വ്യക്തമാക്കിയിരുന്നില്ല. ഈ സത്യവാങ്മൂലത്തിനെതിരെ സൂക്ഷ്‌മപരിശോധന സമയത്ത് ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാൽ പത്രിക തള്ളിപ്പോകാൻ തന്നെ അത് ഇടയാക്കുമെന്നാണ് വിവരം. ഇങ്ങനെയൊരു അപകടം നേരിടാൻ പുതിയ പത്രിക നൽകാൻ ഒരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം. പുതിയ കേസുകളുടെ വിവരങ്ങൾ അടങ്ങിയ പത്രികയാകും സമർപ്പിക്കുക.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം