നിലമ്പൂർ...
'കോണമുണ്ട" ഹൈസ്കൂളിൽ നിന്നിറങ്ങുമ്പോൾ പഞ്ചാലി ഉത്സാഹവതിയായിരുന്നു.
എസ്.എസ്.എൽ.സി റിസൾട്ട് വന്ന ദിവസമാണ്. വീട്ടിൽ കംപ്യൂട്ടറും നെറ്റ് കണക്ഷനും ഉണ്ടെങ്കിലും തന്റെ റിസൽട്ട് നോക്കുവാൻ മമ്മി സമ്മതിച്ചില്ല.
''ഓ... പിന്നേ.. നോക്കാത്ത കാര്യമേയുള്ളൂ. സാറമ്മാര് വാരിക്കോരി മാർക്ക് തന്നതിന്റെ കൂടെ നിനക്ക് അഞ്ചോ പത്തോ മാർക്കുകൂടി മതിയല്ലോ പാസാകാൻ?
അല്ലെങ്കിൽത്തന്നെ ഇപ്പം ഏത് പിള്ളേരാടീ തോൽക്കുന്നത്? മൊത്തം എ പ്ളസ് വാങ്ങിച്ചോണ്ട് നീ വാ. അപ്പോൾ ഞാൻ സമ്മതിക്കാം നീ മിടുക്കിയാണെന്ന്."
റിസൾട്ട് വരുന്ന ദിവസമായിട്ടും കലങ്ങിയ മനസ്സോടെയാണ് പാഞ്ചാലി സ്കൂളിൽ എത്തിയത്.
അവളെ കണ്ടപാടെ ഹെഡ്മിസ്ട്രസ് ചേർത്തു പിടിച്ചു.
''നീയാണു കുട്ടീ ഈ സ്കൂളിന്റെ ഏക അഭിമാനം! എല്ലാ വിഷയങ്ങൾക്കും എ പ്ളസ്."
ഒരു നിമിഷം ശ്വാസം വിലങ്ങിയതുപോലെ നിന്നുപോയി പഞ്ചാലി. പിന്നെ അവളുടെ ഉടലിൽ കുളിരിന്റെ ഒരാവരണം വന്നു മൂടി.
അന്ന് അവിടെയെത്തിയ മറ്റ് അദ്ധ്യാപകരും വിദ്യാർത്ഥികളുമൊക്കെ അവളെ അഭിനന്ദിച്ചു.
സുന്ദരിക്കുട്ടിയാണ് പാഞ്ചാലി. ചാമ്പയ്ക്കയുടെ നിറവും അധികം ചുരുളാത്ത നീണ്ട മുടിയും മുത്തുകൾ പോലെ തിളങ്ങുന്ന കണ്ണുകളും ചുവന്ന അധരങ്ങളും.
ആനപ്പാറയിലാണ് അവളുടെ വീട്. ഇന്നും ധനത്തിന് ഒട്ടും കുറവില്ലാത്ത ഒരു കോവിലകത്തെ അവസാന കണ്ണി.
വടക്കേ കോവിലകം!
എട്ടുകെട്ടും പടിപ്പുരയും ഉള്ള കോവിലകം.
കൂട്ടുകാരികളോടൊത്ത് ആനപ്പാറയ്ക്കു നടക്കുമ്പോൾ പാഞ്ചാലിക്ക് ഒറ്റ വിഷമമേ ഉണ്ടായിരുന്നുള്ളൂ.
തന്റെ വിജയമറിഞ്ഞ് സന്തോഷിക്കാൻ പപ്പ ഇല്ലാതെ പോയല്ലോ...
പാഞ്ചാലി അഞ്ചാം ക്ളാസിൽ പഠിക്കുമ്പോഴായിരുന്നു രാമഭദ്രന്റെ മരണം.
'നാടുകാണി" ചുരത്തിൽ വച്ച് ഒരു ആക്സിഡന്റ്. മൈസൂറിൽ പോയിട്ട് മടങ്ങി വരികയായിരുന്നു രാമഭദ്രൻ.
ഏതോ ലോറിയുമായി കൂട്ടിയിടിച്ച് കാർ കത്തിയെരിഞ്ഞുപോയി...
''പാഞ്ചാലീ..." കൂട്ടുകാരികളിൽ ഒരാൾ വിളിച്ചു.
''ങ്ഹേ?" ചിന്തയിൽ നിന്ന് അവൾ പിടഞ്ഞുണർന്നു.
''ഇനിയെന്താ നിന്റെ പരിപാടി?"
അതൊക്കെ നേരത്തെ തീരുമാനിച്ചുറച്ചിരുന്നു പാഞ്ചാലി.
''പ്ളസ് ടു കഴിഞ്ഞ് അഗ്രികൾച്ചർ കോഴ്സിനു ചേരണം." അവൾ പറഞ്ഞു.
''ഓ.. കോവിലകത്ത് ആവശ്യത്തിനു ഭൂമിയുണ്ടല്ലോ. അവിടെ കൃഷി ചെയ്തു ജീവിക്കാനാണോ തീരുമാനം?"
''അല്ലെടീ. കൃഷിയിൽ നിന്നു പിന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ജനങ്ങളെ തിരികെ അതിലേക്കു കൊണ്ടുവരണം. എല്ലാവരും ഡോക്ടറന്മാരും എൻജിനീയറന്മാരും കംപ്യൂട്ടർ വിദഗ്ദ്ധരുമായിട്ട് കാര്യമില്ലല്ലോ..."
കൂട്ടുകാരികൾ തലയാട്ടി.
വഴിക്കുവച്ച് ഓരോരുത്തരായി യാത്ര പറഞ്ഞുപോയി.
പടിപ്പുര കടന്ന് പാഞ്ചാലി മുറ്റത്തേക്കു കാൽ വച്ചതേ കണ്ടു.. മുറ്റത്തിനു നടുവിൽ ഒരു റെയ്ഞ്ച് റോവർ കാർ. ബോട്ടിൽ ഗ്രീൻ കളർ.
അവളുടെ പുരികം ചുളിഞ്ഞു. അസ്വസ്ഥത ഞരമ്പുകളിൽ തിങ്ങി.
ചിത്രപ്പണികളും ഓട്ടുമണികളുമുള്ള മുൻവാതിൽ തുറന്നു കിടക്കുകയാണ്.
നീളൻ വരാന്തയിലേക്ക് അവൾ കയറി.....
കൂറ്റൻ തടിത്തൂണിനരുകിൽ ചെരുപ്പുകൾ അഴിച്ചുവച്ചു.
പഴമയോടൊപ്പം പുതുമയും നിറഞ്ഞ കോവിലകം.
ഏതാണ്ട് പതിനഞ്ചോളം മുറികളും നടുമുറ്റങ്ങൾക്കു ചുറ്റും വീണ്ടും നീളൻ വരാന്തകളുമുള്ള കോവിലകം. ഒരു കൊട്ടാരത്തിന് തുല്യം.
ഓടുമേഞ്ഞതാണെങ്കിലും മച്ചുള്ളതിനാൽ എപ്പോഴും ഒരു കുളിർമയാണ് മുറികളിൽ...
അവൾ പ്രധാന വാതിൽ കടന്നതും അകത്തുനിന്ന് ഒരു ചിരിയുടെ അലകളെത്തി.
മമ്മിയാണ്! പാഞ്ചാലി പല്ലു ഞെരിച്ചു.
ശബ്ദമുണ്ടാക്കാതെ അവൾ നീളൻ വരാന്തയിലൂടെ നടന്ന് ചന്ദ്രകലയുടെ മുറിക്കു മുന്നിലെത്തി.
തുറന്നു കിടന്നിരുന്ന വാതിൽ വഴി അകത്തേക്കു നോക്കി.
കംപ്യൂട്ടറിനു മുന്നിൽ മമ്മിയും അയാളും! മമ്മിയുടെ ബന്ധുവാണു പോലും.....
അയാളുടെ നെഞ്ചിൽ കുസൃതിയോടെ ഒരടികൊടുത്തിട്ട് ചന്ദ്രകല വീണ്ടും ചിരിക്കുന്നു.
പാഞ്ചാലി ഒന്നു മുരടനക്കി.
ചന്ദ്രകലയും അയാളും തിരിഞ്ഞു നോക്കി. അയാൾ പെട്ടെന്ന് എഴുന്നേറ്റു.
''അവടിരിക്ക് പ്രജീഷേ.."
ചന്ദ്രകല അയാളുടെ കയ്യിൽ പിടിച്ചിരുത്തി.
ഏതാണ്ട് ആറടി പൊക്കവും ഇരുട്ടിന്റെ നിറവുമാണ് പ്രജീഷിന്.
അയാൾ വീണ്ടും ഇരുന്നു.
''സ്കൂളിൽ പോയിട്ട് എന്തായെടീ. നീ ജയിച്ചോ?" പുച്ഛഭാവത്തിൽ ചന്ദ്രകല തിരക്കി.
''ഇല്ല. തോറ്റു." പഞ്ചാലി വെട്ടിത്തിരിഞ്ഞു നടന്നു...
(തുടരും)