mm-mani-

തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള പ്രളയമുണ്ടായതിന് കാരണം അണക്കെട്ടുകൾ ശരിയായ സമയത്ത് തുറക്കാത്തത് മൂലമാണെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പ്രതികരണം ആരാഞ്ഞ മാദ്ധ്യമപ്രവർത്തകയോട് ക്ഷുഭിതനായി മന്ത്രി എം.എം. മണി. ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയോട് ആക്രോശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഈ ഡാം തുറന്നത് 'എന്ന് പറഞ്ഞ് മാദ്ധ്യമപ്രവർത്തക ചോദ്യം ആരംഭിച്ചപ്പോൾ 'എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല നിങ്ങൾ പോ.. പോകാൻ പറഞ്ഞാൽ പോണം. ഞാൻ പ്രതികരിക്കാനില്ലെന്ന് പറഞ്ഞാൽ പിന്നെ നിങ്ങളെന്തിനാ എന്നെ ബുദ്ധിമുട്ടിക്കുന്നത്. കാര്യം പറഞ്ഞാ മനസിലാവില്ലേ.. 'എന്നായിരുന്നു എം.എം മണിയുടെ പ്രതികരണം. അതൊന്ന് പറഞ്ഞാൽ മതിയെന്ന് മാദ്ധ്യമപ്രവർത്തക ആവർത്തിച്ചപ്പോൾ 'ഇല്ല ഇല്ല' എന്നായിരുന്നു മന്ത്രിയുടെ മറുപടി. ”നിങ്ങളോട് പറയേണ്ടത് എന്താണ്, എനിക്കും കൂടി തോന്നണം പറയണമെങ്കിൽ. എന്റെ വീട്ടിൽ വന്ന് എന്നെ ശല്യം ചെയ്യരുത് മേലാൽ.”- എന്നായിരുന്നു വിരൽ ചൂണ്ടിക്കൊണ്ട് മന്ത്രി പ്രതികരിച്ചത്. ഇതിന് ശേഷം കാറിൽ കയറി പോകുകയും ചെയ്തു.

അതേസമയം, അണക്കെട്ടുകൾ ശരിയായ സമയത്ത് തുറക്കാത്തത് മൂലമാണെന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് പുറത്ത് വന്നത് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പ്രളയമുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണം. അണക്കെട്ടുകൾ തുറന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ്.പി.അലക്‌സ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ചെളി അടിഞ്ഞ അണക്കെട്ടുകളിൽ വെള്ളം അധികമായി ഒഴുകിയെത്തിയതോടെ വേഗത്തിൽ നിറഞ്ഞു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഗൗരവത്തിലെടുത്തില്ല. കനത്ത മഴയെ നേരിടാൻ വേണ്ടവിധം തയ്യാറെടുപ്പുകൾ നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.