പത്തനംതിട്ട: പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രനെതിരെ ശബരിമല സമരവുമായി ബന്ധപ്പെട്ട് 242 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെ ഈ വിവരം കൂടി ഉൾപ്പെടുത്തി സുരേന്ദ്രൻ ഇന്ന് വീണ്ടും നാമനിർദ്ദേശപത്രിക സമർപ്പിക്കും. ഇരുപതു കേസുകളുടെ വിവരങ്ങൾ ചേർത്ത് സുരേന്ദ്രൻ മാർച്ച് 30ന് രണ്ടു സെറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. തെറ്റായി വിവരം നൽകിയെന്ന പേരിൽ പത്രികയിൽ തർക്കമുണ്ടാകാതിരിക്കാനാണ് വീണ്ടും സമർപ്പിക്കുന്നത്.
ശബരിമല സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ സർക്കാർ നൽകിയ സത്യവാങ്‌മൂലത്തിലാണ് സുരേന്ദ്രനെതിരെ ജനുവരി രണ്ട്, മൂന്ന് തീയതികളിലായി 242 കേസുകൾ നിലവിലുണ്ടെന്ന് വ്യക്തമായതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്.കുമാർ പറഞ്ഞു. തിരുവനന്തപുരത്തെ അക്രമങ്ങളിൽ സുരേന്ദ്രനെതിരെ കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇൗ ദിവസം തന്നെ കാസർകോട് കുമ്പളയിലും ഇടുക്കിയിലെ രാജാക്കാടും വണ്ടിപ്പെരിയാറിലുമുണ്ടായ അക്രമത്തിലും സുരേന്ദ്രനെതിരെ കേസെടുത്തിട്ടുണ്ട്.
29നാണ് സത്യവാഗ്മൂലം സർക്കാർ കോടതിയിൽ സമർപ്പിച്ചത്. അധികമായി ഉൾപ്പെടുത്തിയ 222 കേസുകളിൽ സമൻസോ സൂചനയോ സുരേന്ദ്രന് ലഭിച്ചിട്ടില്ല. അതേസമയം സുരേന്ദ്രനെതിരെ കള്ളക്കേസ് എടുത്തുവെന്ന് ആരോപിച്ച് എൻ.ഡി.എ പ്രവർത്തകർ ഇന്നലെ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിൽ സത്യഗ്രഹം നടത്തി. പര്യടനത്തിലായിരുന്ന സുരേന്ദ്രനും സമരപ്പന്തലിൽ എത്തി.
''കളളക്കേസുകളെടുത്ത് എന്നെ ഇല്ലായ്മ ചെയ്യാനുളള നീക്കം നടത്തിയത് മുഖ്യമന്ത്രിയുടെ ഒാഫീസാണ്. പകപോക്കലിനു മുന്നിൽ മുട്ടുമടക്കില്ല.
ഒരു കേസിലും എനിക്ക് സമൻസു കിട്ടിയിട്ടില്ല. മാർച്ച് 29വരെ രജിസ്റ്റർ ചെയ്ത കേസുകൾ പ്രതികയിൽ പറഞ്ഞിട്ടുണ്ട്.
-കെ. സുരേന്ദ്രൻ
''കെ.സുരേന്ദ്രനെതിരെ കള്ളക്കേസ് ചുമത്തി രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ സി.പി.എമ്മും സർക്കാരും ഗൂഢാലോചന നടത്തി. സംസ്ഥാന സർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് കേസുകൾ എടുത്തത്.
- എം.എസ് കുമാർ,ബി.ജെ.പി സംസ്ഥാന വക്താവ്