ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് ഓൺലൈൻ മേഖലയിലൂടെയാണ്. അതിൽ ഓൺലൈൻ ഡേറ്റിംഗ് തന്നെയാണ് ഏറ്റവും മുന്നിൽ. വ്യാജ ഡേറ്റിംഗ് വെബ്സൈറ്റ് വഴി പണം നഷ്ടപ്പെട്ടവർ ഒരുപാട് പേരുണ്ട്. എന്നാൽ പലരും നാണക്കേട് ഭയന്ന് പുറത്തുപറയാറുമില്ല. ഈയടുത്ത് മുംബയിലെ അറുപത്തിയഞ്ചുകാരന് വ്യാജ ഡേറ്റിംഗ് വെബ്സൈറ്റ് വഴി നഷ്ടപ്പെട്ടത് 45 ലക്ഷം രൂപയാണ്.
സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ, കൃത്യമായ വിലാസമില്ലാത്ത ഡേറ്റിംഗ് വെബ്‌സൈറ്റിൽ കയറി അംഗത്വമെടുത്ത മുംബയ് സ്വദേശിക്കാണ് പണം നഷ്ടപ്പെട്ടത്. വിവാഹിതനായ അദ്ദേഹം കഴിഞ്ഞ വർഷം മെയിലാണ് ഓൺലൈൻ ഡേറ്റിംഗ് വെബ്‌സൈറ്റിൽ അംഗത്വമെടുത്തത്. അംഗത്വമെടുക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്‌ട്രേഷൻ പൂർത്തിയാക്കി. പിന്നാലെ ഒരു സ്ത്രീ വിളിക്കുകയും ചെയ്തു. മൂന്നു പെൺകുട്ടികളുടെ ഫോട്ടോ കാണിച്ചിട്ട് ഒന്നു തിരഞ്ഞെടുക്കാൻ പറഞ്ഞു. ഇതിൽ നിന്ന് ഒന്നു തിരഞ്ഞെടുത്തു.
ഇതിൽ നിന്നും ഒന്ന് തിരഞ്ഞെടുത്ത മുംബയ് സ്വദേശി പെൺകുട്ടിയുമായി ഡേറ്റിംഗ് നടത്താൻ ഒരു വർഷത്തേക്ക് റജിസ്‌ട്രേഷൻ ഫീസ് 25,500 രൂപ നൽകേണ്ടി വന്നു. ഇതിന് പിന്നാലെ സ്വകാര്യത ലഭിക്കാനുള്ള ഫീസായി 82,500 രൂപയും വിഡിയോ കോൾ ഇൻഷ്വറൻസായി 1.75 ലക്ഷവും പെൺകുട്ടിയുമായുള്ള കരാർ തുകയായി ഒരു വർഷത്തേക്ക് 2.85 ലക്ഷവും പ്രൊഫൈൽ വെരിഫിക്കേഷൻ ഫീസായി 5.50 ലക്ഷവും ഇയാൾ നൽകേണ്ടി വന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം ആദ്യം വിളിച്ച സ്ത്രീ വീണ്ടും വിളിച്ച് പ്രീമിയം അംഗത്വതുകയായി 26.50 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടു. ഇതോടെ റോസി എന്ന പേരുള്ള പെൺകുട്ടിയുടെ ഫോൺ നമ്പർ അദ്ദേഹത്തിനു കൈമാറി. തുടർന്ന് ഹോൾഡിംഗ് ചാർജ് ഇനത്തിൽ 7.85 ലക്ഷം രൂപ നൽകാനാണ് റോസി ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് റോസിയെയും ആദ്യം വിളിച്ച സ്ത്രീയെയും ബന്ധപ്പെടാൻ സാധിച്ചില്ല. വ്യാജ വെബ്‌സൈറ്റിൽ നൽകിയിരുന്ന നമ്പറിലേക്ക് വിളിച്ചിട്ടും ഫലമുണ്ടായില്ല. സംഭവം തട്ടിപ്പാണെന്ന് മനസ്സിലാക്കിയതോടെയാണ് അദ്ദേഹം പൊലീസിൽ പരാതി നൽകിയത്. ആകെ 45 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.