surje

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്കിടയിൽ ബി.ജെ.പി പണമൊഴുക്കുകയാണെന്ന് തെളിവുമായി കോൺഗ്രസ് രംഗത്ത്. അരുണാചൽ പ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിയ്ക്ക് തൊട്ടുമ്പായി മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വാഹനവ്യൂഹത്തിൽനിന്ന് 1.8 കോടി രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളുൾപ്പെടെ പ്രദർശിപ്പിച്ചാണ് കോൺഗ്രസ് വക്താവ് സുർജേവാല ആരോപണമുന്നയിക്കുന്നത്. മന്ത്രിമാരും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും അട‌ക്കം അറിഞ്ഞുള്ള നീക്കമായിരുന്നു ഇതെന്നും കോൺഗ്രസ് ആരോപിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേൻ,​ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ തപീർ ഗാവു എന്നിവരടങ്ങുന്ന വാഹന വ്യൂഹത്തിൽ ഉൾ‌പ്പെട്ട സ്കോർപ്പിയോ വാനിൽ നിന്നും പണം പിടിച്ചെടുത്തത്. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയെ തുടർന്നായിരുന്നു അധികൃതർ പരിശോധന നടത്തിയത്. അഞ്ച് വാഹനങ്ങളിലാണ് തിരച്ചിൽ നടത്തിയത്.

അരുണാചലിൽ പ്ര‌ധാനമന്ത്രിയുടെ റാലി നടക്കുന്ന അതേസമയംതന്നെ പാർട്ടി ആസ്ഥാനത്തു പത്രസമ്മേളനം വിളിച്ചായിരുന്നു കോൺഗ്രസ്, പണം പിടിച്ചെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. മോദിയുടെ റാലിയിൽ പങ്കെടുപ്പിക്കുന്നതിനും വോട്ടുറപ്പാക്കുന്നതിനുമ‌ുള്ള പണമാണിതെന്നും ഇതിന്റെ സ്രോതസ് അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കാവൽക്കാരനും ചുറ്റുമുള്ളവരും കള്ളന്മാരാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പത്രസമ്മേളനത്തിൽ ആരോപിച്ചു.

അതേസമയം,​ തിരഞ്ഞെടുപ്പ് കമ്മിഷൻ പണം പിടിച്ചെടുക്കുന്നുവെന്ന പേരിൽ കോൺഗ്രസ് പുറത്തുവിട്ട വീഡിയോ വ്യാജമാണെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. തികച്ചും തെറ്റായ കാര്യങ്ങളാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നും വോട്ടിന് പണമെന്നത് കോൺഗ്രസിന്റെ രീതിയാണെന്നും പേമ ഖണ്ഡു ആരോപിച്ചു.

 കാറ് നിറയെ ഐഡി കാർഡ്!

ചെന്നൈയിൽ ഡി.എം.കെ പ്രവർത്തകന്റെ പക്കൽനിന്ന് 270 പുതിയ വോട്ടർ ഐഡി കാർഡുകൾ പിടിച്ചെടുത്തു. മേടവക്കത്ത് സുരേന്ദർ നഗറിൽ വാഹനപരിശോധനയ്ക്കിടെയാണ് ഡിഎംകെ കൊടികുത്തിയ ഇന്നോവ കാറിൽനിന്ന് ഇവ പിടിച്ചെടുത്തത്. ഉടമകൾക്ക് വിതരണം ചെയ്യാൻ കൊണ്ടുപോകുകയായിരുന്നു എന്നാണ് കാറിലുണ്ടായിരുന്നവരുടെ വിശദീകരണം. സംഭവത്തിൽ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.