കൊല്ലം: കായലുകളിൽ വൻ വിജയമായ കൂട് മത്സ്യക്കൃഷി തീരക്കടലിലും നടപ്പാക്കാനുള്ള പദ്ധതി ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഏജൻസി ഫോർ ഡെവലപ്മെന്റ് ഒഫ് അക്വാകൾച്ചർ (അഡാക്) തയ്യാറാക്കുന്നു.
ആദ്യം തിരുവനന്തപുരം, കൊല്ലം, എറണാകുളം, കണ്ണൂർ ജില്ലകളിൽ നടപ്പാക്കും. ഓരോ ജില്ലയിലും കുറഞ്ഞത് പത്ത് പേർ വീതമുള്ള നാല് മത്സ്യത്തൊഴിലാളി സംഘങ്ങൾ രൂപീകരിക്കും. ഒരു സംഘം ഏഴ് ലക്ഷം രൂപ വിഹിതം നൽകണം. ഓരോ സംഘത്തിനും നാലു ലക്ഷം രൂപ വീതം വിലയുള്ള പത്ത് കൂടുകളും ഓരോ കൃഷിക്കും 30,000 രൂപയുടെ മത്സ്യക്കുഞ്ഞുങ്ങളെയും രണ്ട് ലക്ഷം രൂപയുടെ തീറ്റയും അഡാക്ക് സൗജന്യമായി നൽകും. സംഘങ്ങൾക്ക് മറ്റ് ചെലവുകളൊന്നും ഇല്ല. ഒരു കൂട്ടിൽ നിന്ന് ഒരു കൃഷിക്ക് കുറഞ്ഞത് 4.5ലക്ഷം രൂപ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
കായലിൽ 16 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ചതുരക്കൂടാണെങ്കിൽ കടലിൽ അതിന്റെ രണ്ടിരട്ടി വിസ്തീർണമുള്ള വൃത്തക്കൂടായിരിക്കും. കായലിൽ മുളകൾ കൊണ്ടുള്ള കൂടും മത്സ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ നൈലോൺ വലയുമാണ്.
കടലിൽ കാഠിന്യമുള്ള പോളി എതിലിൻ കൂടും വലയുമായിരിക്കും.
കായലിൽ കൂട് ചെളിയിൽ ഉറപ്പിക്കുമ്പോൾ കടലിൽ കൂടുകൾ കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ച് നങ്കൂരമിട്ട് നിറുത്തും. ഈ കൂടുകൾ കടൽ പരപ്പിൽ ചെറുതായി ഇളകിക്കൊണ്ടിരിക്കും. ഒരു കൂടിന് നങ്കൂരമിടാൻ പത്ത് കോൺക്രീറ്റ് കട്ടകൾ വേണം.
കടലിൽ കൃഷി ഇങ്ങനെ
സെപ്തംബർ - ഒക്ടോബർ - ഡിസംബറിൽ കൃഷി ആരംഭിക്കും.
ഒരു കൃഷിയുടെ കാലാവധി ആറ് മാസം.
കടൽ പ്രക്ഷുബ്ധമാകുന്ന ജൂൺ ജൂലായ് ഇടവേളയായിരിക്കും.
കാളാഞ്ചി, മോദ, പൊമ്പാനൊ മത്സ്യങ്ങളാണ് കൃഷി ചെയ്യുക.
ഒരു കൂട്ടിൽ നൂറ് ഘനമീറ്റർ വെള്ളം
ഇതിൽ എട്ട് സെന്റിമീറ്ററുള്ള 2000 മത്സ്യക്കുഞ്ഞുങ്ങൾ.
15 രൂപ വരെയാണ് ഒരു കുഞ്ഞിന്റെ വില.
1500 എണ്ണമെങ്കിലും അതിജീവിക്കും.
ദിവസം രണ്ട് നേരം തീറ്റ നൽകണം.
മത്സ്യാവശിഷ്ടം നൽകിയാൽ ചെലവ് കുറയും.
ഒരു മീൻ ആറ് മാസം കൊണ്ട് ഒരു കിലോ വളരും.
ഒരു കിലോ കാളാഞ്ചിക്ക് 300 രൂപ വില
ഒരു കൂട്ടിലെ വരുമാനം 4.5 ലക്ഷം രൂപ
കൂടുകൾ 5 വർഷം ഉപയോഗിക്കാം.
''കടലിലെ മത്സ്യലഭ്യത കുറയുന്നതിനാൽ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഉറപ്പാക്കുകയാണ് തീരക്കടലിലെ കൂട് മത്സ്യകൃഷിയുടെ ലക്ഷ്യം.''
--എച്ച്. സലിം,
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, കൊല്ലം