കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ വരവ് ദക്ഷിണേന്ത്യയിൽ ബി.ജെ.പി വിരുദ്ധ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ശബരിമലയിൽ കയറ്റാൻ ആക്‌ടിവിസ്റ്റുകൾ തീർന്നു പോയതിനാലാണോ രണ്ടാഴ്ച മുൻപ് നടതുറന്നപ്പോൾ സർക്കാർ ധാർഷ്ട്യം കാണിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരുവണ്ണൂർ അമ്മാംകുളം പറമ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവന്റെ സൗത്ത് നിയോജക മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കെതിരെ ഏറ്റവും ശക്തമായ ചെറുത്തുനിൽപ്പ് നടത്തുന്ന സംസ്ഥാനങ്ങളാണ് ദക്ഷിണേന്ത്യയിൽ ഉള്ളത്. ആ പോരാട്ടത്തിനാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം കരുത്ത് നൽകുന്നത്. രാഹുലെത്തിയതോടെ കേരളത്തിലെ ഇടതു നേതാക്കൾ സമനില തെറ്റിയ പോലെയാണ് പെരുമാറുന്നത്. ശബരിമലയുടെ മറവിൽ ബി.ജെ.പി സംസ്ഥാനത്തൊന്നാകെ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നും ഉമ്മൻചാണ്ടി പറഞ്ഞു.