തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള പ്രളയമുണ്ടായതിന് കാരണം അണക്കെട്ടുകൾ ശരിയായ സമയത്ത് തുറക്കാത്തതെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ സർക്കാരിന് കനത്ത തിരിച്ചടിയായി. തുടർന്ന് ഇതിന്റെ പ്രതികരണം ആരാഞ്ഞ മാദ്ധ്യമപ്രവർത്തകയോട് മന്ത്രി എം.എം. മണി. ക്ഷുഭിതനാകുകയും ചെയ്തു.
ഈ ഡാം തുറന്നത് 'എന്ന് പറഞ്ഞ് മാദ്ധ്യമപ്രവർത്തക ചോദ്യം ആരംഭിച്ചപ്പോൾ 'എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല നിങ്ങൾ പോ.. പോകാൻ പറഞ്ഞാൽ പോണം. ഞാൻ പ്രതികരിക്കാനില്ലെന്ന് പറഞ്ഞാൽ പിന്നെ നിങ്ങളെന്തിനാ എന്നെ ബുദ്ധിമുട്ടിക്കുന്നത്. കാര്യം പറഞ്ഞാ മനസിലാവില്ലേ.. 'എന്നായിരുന്നു എം.എം മണിയുടെ പ്രതികരണം. മാത്രമല്ല എന്റെ വീട്ടിൽ വന്ന് എന്നെ ശല്യം ചെയ്യരുത് മേലാൽ. എന്നുമാണ് മന്ത്രി പ്രതികരിച്ചത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി വി.ടി. ബൽറാം രംഗത്തെത്തി.
ആട്ടിയിറക്കുന്നത് ഇദ്ദേഹത്തിന്റെ തറവാട്ടുവീട്ടിൽ നിന്നൊന്നുമല്ല, മന്ത്രി എന്ന നിലയിൽ നൽകിയ ഔദ്യോഗിക വസതിയിൽ നിന്നാണ്. ഇവരെയൊക്കെ സഹിക്കേണ്ടുന്ന എന്ത് ഗതികേടാണ് ഈ സംസ്ഥാനത്തെ ജനങ്ങൾക്കുള്ളതെന്നും ബൽറാം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിക്കെതിരെ എം.എൽ.എ രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എത്ര ധിക്കാരത്തോടെയാണ് പൊതുജനങ്ങളുടെ ചെലവിൽ മന്ത്രിയായി ഇരിക്കുന്ന ഈ സി.പി.എമ്മുകാരൻ ഒരു വനിതാ മാധ്യമപ്രവർത്തകയോട് തട്ടിക്കയറുന്നത്! "പോ... പോകാൻ പറഞ്ഞാൽ പോണം... മേലാൽ എന്റെ വീട്ടിൽ കേറിപ്പോകരുത്" എന്നൊക്കെപ്പറഞ്ഞ് ആട്ടിപ്പായിക്കുന്നത് ജനങ്ങൾക്കറിയാൻ അവകാശമുള്ള ഒരു പൊതു വിഷയത്തിൽ ഉത്തരവാദപ്പെട്ട ഭരണാധികാരിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരേയാണ്. ആട്ടിയിറക്കുന്നത് ഇദ്ദേഹത്തിന്റെ തറവാട്ടുവീട്ടിൽ നിന്നൊന്നുമല്ല, മന്ത്രി എന്ന നിലയിൽ നൽകിയ ഔദ്യോഗിക വസതിയിൽ നിന്നാണ്. ഇവരെയൊക്കെ സഹിക്കേണ്ടുന്ന എന്ത് ഗതികേടാണ് ഈ സംസ്ഥാനത്തെ ജനങ്ങൾക്കുള്ളത്?
പ്രളയത്തെ ഈ മട്ടിലുള്ള ഒരു മഹാപ്രളയമാക്കി മാറ്റിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്മെൻറിലെ അപാകതയുമാണെന്ന് വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടിയവരെയെല്ലാം അധിക്ഷേപിച്ച് നിശ്ശബ്ദരാക്കാനായിരുന്നു സിപിഎമ്മുകാരും പിണറായി ഭക്ത്കളും തുടക്കം മുതൽ തന്നെ രംഗത്ത് വന്നിരുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതൽ ഡോ. ഇ ശ്രീധരനും ഡോ.മുരളി തുമ്മാരുകുടിയും വരെ നിരവധി പേർ പ്രകടിപ്പിച്ച ആശങ്കകളെല്ലാം ശരിവക്കുന്ന തരത്തിലാണ് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി നൽകിയിരിക്കുന്ന റിപ്പോർട്ട്.
400 ലേറെ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്തിയ, കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയ, പതിനായിരക്കണക്കിനാളുകളെ വഴിയാധാരമാക്കിയ ഒരു വലിയ ദുരന്തത്തേക്കുറിച്ച് ഔദ്യോഗികമായ ഒരു അന്വേഷണം പോലും നടത്താൻ കൂട്ടാക്കാത്ത നിർബ്ബന്ധ ബുദ്ധിയാണ് പിണറായി വിജയനും സർക്കാരും ഇതുവരെ പ്രദർശിപ്പിച്ചിരിക്കുന്നത്. ജനാധിപത്യം നിലനിൽക്കുന്ന ഏതൊരു സമൂഹത്തിലും ഇത്തരമൊരു പിടിവാശിയും ധിക്കാരവും അംഗീകരിക്കപ്പെടുമെന്ന് തോന്നുന്നില്ല.
പ്രളയ ദുരന്തം സമഗ്രമായി അന്വേഷിച്ചേ പറ്റൂ. ഈ നാടിനെ തകർത്തതാരാണെങ്കിലും മറുപടി പറഞ്ഞേ പറ്റൂ.